മോഹൻലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന സിനിമ ഒരുക്കാൻ സംവിധായകൻ രാജേഷ് പിള്ള ആലോചിച്ചിരുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേ സിനിമയാണോ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറെന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയുണ്ടായിരുന്നു. മോഹൻലാല്‍ തന്നെയാണ് രാജേഷ് പിള്ളയുടെയും നായകൻ എന്നതിനാലായിരുന്നു വാര്‍ത്തകള്‍ക്ക് കാരണം. എന്നാല്‍ അത്തരം വാര്‍ത്തകള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

മോഹൻലാലിനെ നായകനായി കണ്ട് രാജേഷ് പിള്ള ലൂസിഫര്‍ എന്ന മറ്റൊരു സിനിമയാണ് ആലോചിച്ചിരുന്നത്. ഞാൻ കഥ കേട്ടിരുന്നു. ലൂസിഫര്‍ എന്ന പേര് ഞങ്ങളുടെ പ്രൊജക്റ്റിനു ചേരുന്നതാണെന്ന് ഞാൻ മുരളി ഗോപിയോട് പറയുകയായിരുന്നു. അങ്ങനെ ലൂസിഫര്‍ എന്ന പേര് കടമെടുക്കുകയായിരുന്നു- പൃഥ്വിരാജ് പറഞ്ഞു. രാജേഷ് പിള്ള എടുക്കാനുദ്ദേശിച്ചിരുന്ന സിനിമയല്ല താൻ സംവിധാനം ചെയ്‍ത ലൂസിഫര്‍ എന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്.