മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമയാണ് മരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹം. ചിത്രത്തിന് വലിയ പ്രി- ബിസിനസ് ആണ് കിട്ടിയത് എന്ന് പൃഥ്വിരാജ് പറയുന്നു. മലയാള സിനിമ വലിയ രീതിയില്‍ മാറിക്കഴിഞ്ഞുവെന്നും പൃഥ്വിരാജ് പറയുന്നു. . ഇനി നമ്മളാണ് വലിയ സ്വപ്‍നങ്ങൾ കാണേണ്ടത്. സ്വപ്‍നം കണ്ടാൽ മാത്രം പോര, ആ കഥയെ എങ്ങനെ വലിയ രീതിയിൽ ചെയ്യാം എന്ന കൃത്യമായ ബോധ്യവും ഉണ്ടായിരിക്കണമെന്നും പൃഥ്വിരാജ് പറയുന്നു.

മരക്കാർ സിനിമ റിലീസിനു മുമ്പ് പ്രി–ബിസിനസ്‍ വഴി എത്ര രൂപയാണ് കലക്ട് ചെയ്‍തതെന്ന് അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകും. എനിക്ക് ആ കണക്കറിയാം. ഞാൻ അതിന്റെ നിര്‍മാതാവൊന്നുമല്ല. അതുകൊണ്ട് തന്നെ ആ കണക്ക് വെളിപ്പെടുത്താനും കഴിയില്ല. അത്രയും വളർന്നു കഴിഞ്ഞു മലയാളസിനിമ. വരാനിരിക്കുന്ന കുറച്ച് കാലങ്ങൾ മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അതിശയിപ്പിക്കുന്നതാകും. മലയാളസിനിമയിൽ കഴിഞ്ഞ ഒന്നരവർഷത്തിനിടെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. മരക്കാർ പോലൊരു സിനിമ. മലയാളത്തിൽ കുറച്ച് കാലങ്ങൾക്കു മുമ്പ് അങ്ങനെയൊരു സിനിമ ചിന്തിക്കാൻ പോലും സാധിക്കില്ല. മാമാങ്കവും മറ്റൊരു ഉദാഹരണം. കാരണം അത്ര മാത്രം ബജറ്റാണ് ആ സിനിമകൾക്ക് ആവശ്യം- പൃഥ്വിരാജ് പറയുന്നു. മലയാളസിനിമയുടെ ഭാഷാ പതിപ്പുകളും ഇനി മറ്റു രാജ്യങ്ങളിൽ എത്തിച്ചേരും. ഇതൊക്കെ വലിയ സാധ്യതകളാണ്. ഇക്കാര്യം ഞാൻ പണ്ടും പറഞ്ഞിട്ടുണ്ട്. ഞാൻ നിർമിച്ച ഉറുമി എന്ന സിനിമ ഹോങ്കോങ് ഫിലിം ആർക്കൈവിലേയ്ക്ക് വിറ്റു. ഇതുകൂടാതെ ജാപ്പനീസ് ടെലിവിഷൻ അവകാശം, സ്വീഡിഷ് ഡിവിഡി റൈറ്റ്സ് എന്നിവ വരെ ഞാൻ വിറ്റിട്ടുണ്ട്- പൃഥ്വിരാജ് പറയുന്നു.