പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രം 'കുരുതി'യുടെ ചിത്രീകരണം നാളെ ആരംഭിക്കും. 'കോഫി ബ്ലൂം' എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുരുതി'. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, ശ്രിണ്ഡ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു.

തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന 'കോള്‍ഡ് കേസ്' ആണ് പൃഥ്വിരാജിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ 'എസിപി സത്യജിത്ത്' എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. അതിഥി ബാലനാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.