പൃഥ്വിരാജ്-വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ഖലീഫ' തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. രണ്ടാം വാരത്തിലേക്ക് കടന്ന ചിത്രം ആഗോളതലത്തിൽ 40 കോടിയിലധികം കളക്ഷൻ നേടി.

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ "ഖലീഫ" തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. ആഗോള തലത്തിൽ 40 കോടിയിലധികം നേടിയ ചിത്രം ഇപ്പോൾ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ ദിനം 14.5 കോടി രൂപ കലക്ഷൻ നേടി ഗംഭീര ഓപ്പണിംഗ് സ്വന്തമാക്കിയ ചിത്രം, ഓണം വെക്കേഷൻ ദിനങ്ങളിൽ മികച്ച പ്രകടനമാണ് ബോക്സ് ഓഫീസിൽ കാഴ്ചവച്ചിരുന്നു.

ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി. മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായി എത്തുന്ന പൃഥ്വിരാജ് കൂടാതെ, മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ഖലീഫയുടെ താരനിരയുടെ ഭാഗമാണ്.

ആദ്യ ഭാഗം റിലീസ് ആയ ദിവസം തന്നെ, ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. മോഹൻലാൽ ആണ് രണ്ടാം ഭാഗത്തിലെ നായകൻ. ആദ്യ ഭാഗത്തെ പോലെ തന്നെ, സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആയാണ് രണ്ടാം ഭാഗവും ഒരുങ്ങുക എന്നാണ് സൂചന. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming