വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം

മറുഭാഷാ പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ള മലയാളി താരമാണ് പൃഥ്വിരാജ് സുകുമാരന്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം ബി​ഗ് ബജറ്റ് തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ (സലാര്‍ 1, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍) ഭാ​ഗമായിരുന്നു സമീപകാലത്ത്. സംവിധായകന്‍ എന്ന നിലയില്‍ കരിയറിലെ ഏറ്റവും വലിയ സിനിമയായ എമ്പുരാനും ഏറെക്കാലം ചിത്രീകരണം നീണ്ടുപോയ വിലായത്ത് ബുദ്ധയും പൂര്‍ത്തിയാക്കിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. താടിയെടുത്ത ​ഗെറ്റപ്പോടുകൂടിയ തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ഒരു മറുഭാഷാ ചിത്രമാണ് അടുത്തതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഇന്നലെ പോസ്റ്റ് ഇട്ടിരുന്നു. അത് ഏത് ചിത്രം ആയിരിക്കുമെന്ന ചര്‍ച്ച ആരാധകര്‍ക്കിടയില്‍ അപ്പോഴേ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അതേ പോസ്റ്റില്‍ പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ തന്നെ പുതിയ ഗെറ്റപ്പ് ഏത് ചിത്രത്തിനായുള്ളതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

പൃഥ്വിരാജിന്‍റെ പോസ്റ്റിന് താഴെ വന്ന ഒരു കമന്‍റിന് മറുപടിയായാണ് മല്ലിക സുകുമാരന്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഇതൊക്കെ എഐ ആണ്. ആരും വിശ്വസിക്കേണ്ട എന്നായിരുന്നു കമന്‍റ്. ഇതിന് മല്ലിക സുകുമാരന്‍റെ മറുപടി ഇങ്ങനെ- അല്ല, അടുത്ത സിനിമ രാജമൗലി ഫിലിം. അവന്‍ ഇന്ന് രാത്രി പോവുകയാണ്, മല്ലിക സുകുമാരന്‍ കുറിച്ചു.

ആര്‍ആര്‍ആറിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് മല്ലിക സുകുമാരന്‍ സൂചിപ്പിച്ചിരിക്കുന്നത്. 1000 കോടിക്ക് മുകളില്‍ ബജറ്റ് വരുന്ന ചിത്രമാണിത്. മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. എമ്പുരാന്‍ പ്രൊമോഷനിടെയും പൃഥ്വിരാജിനെത്തേടി ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ എത്തിയിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആഫ്രിക്കന്‍ ജം​ഗിള്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇതെന്നാണ് ഇതിനകം പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. എസ്എസ്എംബി 29 (എസ് എസ് രൗജമൗലി- മഹേഷ് ബാബു എന്നതിന്‍റെ ചുരുക്കെഴുത്ത്) എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന താല്‍ക്കാലിക പേര്. വിദേശ മാര്‍ക്കറ്റ് കൂടി ലക്ഷ്യമിട്ടാണ് രാജമൗലി ഈ ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ : ഗോൾഡൺ സാരിയിൽ ട്രഡീഷണലായി മൻസി; വിവാഹചിത്രങ്ങൾ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം