മികച്ച പ്രതികരണം നേടി തിയേറ്ററിൽ  പ്രദർശനം തുടരുകയാണ് ലാൽ ജോസ് സംവിധാനം ചെയ്ത നാല്‍പത്തിയൊന്ന്. ലാല്‍ ജോസ് ഒരുക്കിയ 25-ാം ചിത്രത്തിന് ഇതിനോടകം പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിന്‍റെ വിജയം പൃഥ്വിരാജിനൊപ്പം ആഘോഷിച്ചിരിക്കുകയാണ് ലാൽ ജോസും സംഘവും. ബിജു മേനോനും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നാല്‍പത്തിയൊന്നിന്റെ വിജയാഘോഷം നടന്നത്. ഒപ്പം പുതിയ സിനിമയുടെ പ്രഖ്യാപനവും നടന്നു. 

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ലാൽ ജോസാണ്. തിരക്കഥ ഒരുക്കുന്നത് നാല്‍പത്തിയൊന്നിന്റെ തിരക്കഥ കൃത്തായ പി ജി പ്രഗീഷും. പൃഥ്വിരാജ് ഫേസ്ബുക്ക് ലൈവിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിന് ശേഷം വീണ്ടും പൃഥ്വിരാജും ലാൽ ജോസും  ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ബിജു മേനോന്‍- നിമിഷ സജയന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ നാല്‍പത്തിയൊന്നിൽ സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, ശരണ്‍ ജിത്തു, ധന്യ അനന്യ, സുബീഷ് സുധി തുടങ്ങിയവരാണ് മറ്റ് വേഷങ്ങൾ ചെയ്തിരിക്കുന്നത്. സിഗ്നേച്ചര്‍ സ്റ്റുഡിയോയിസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍, ജി പ്രജിത്ത് എന്നിവര്‍ നിര്‍മ്മിച്ച ചിത്രം എല്‍.ജെ ഫിലിംസ് ആണ് പ്രദര്‍ശത്തിനെത്തിച്ചത്.  എസ് കുമാറിന്റെയാണ് ഛായാഗ്രാഹണം . സംഗീതം  ബിജിബാൽ.