മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍ അക്ഷയ് കുമാറിനെ നായകനാക്കി റീമേക്ക് ചെയ്‍തപ്പോഴൊന്നും മലയാളം പതിപ്പ് അക്ഷയിനെ കാണിച്ചിട്ടില്ലെന്നും പ്രിയദര്‍ശന്‍

ബോളിവുഡില്‍ പ്രിയദര്‍ശന്‍ എന്ന പേരിനൊപ്പം പ്രേക്ഷകരുടെ ഓര്‍മ്മയിലേക്ക് ആദ്യമെത്തുന്ന താരം അക്ഷയ് കുമാര്‍ ആയിരിക്കും. മലയാളത്തില്‍ മോഹന്‍ലാലും. ഇരുവരുമായുള്ള പ്രിയന്‍റെ അടുപ്പത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കും അറിവുള്ള കാര്യമാണ്. തന്‍റെ ചിത്രങ്ങളില്‍ അഭിനയിക്കാനെത്തുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ ചില സാമ്യങ്ങളുണ്ടെന്നും പറയുന്നു പ്രിയദര്‍ശന്‍. ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇതേക്കുറിച്ച് പറയുന്നത്.

"ഞാന്‍ എന്താണ് ചെയ്യാനൊരുങ്ങുന്നതെന്ന് എന്നോട് ചോദിക്കാത്ത രണ്ടുപേരാണ് ഇവര്‍. അവര്‍ സെറ്റിലേക്ക് വരും. കഥപോലും അറിയണമെന്നുണ്ടാവില്ല. എടുക്കാനുള്ള സീനിനെക്കുറിച്ച് മാത്രമാണ് ചോദിക്കുക. ആ തരത്തിലുള്ള ഒരു വിശ്വാസം അവര്‍ തരുമ്പോള്‍ അത് തിരിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം എനിക്കുമുണ്ട്. ഞങ്ങളുടെ സിനിമകളെ മെച്ചപ്പെട്ടതാക്കുന്നത് ഇതാണ്", പ്രിയന്‍ പറയുന്നു.

മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍ അക്ഷയ് കുമാറിനെ നായകനാക്കി റീമേക്ക് ചെയ്‍തപ്പോഴൊന്നും മലയാളം പതിപ്പ് അക്ഷയിനെ കാണിച്ചിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. "ഇതുവരെ ഞാനത് ചെയ്‍തിട്ടില്ല. രണ്ടുപേര്‍ക്കും അവരവരുടേതായ ശരീരഭാഷയാണുള്ളത്. അത് ശരിയായി ചെയ്യുന്നുണ്ടോ എന്ന് നോക്കുക മാത്രമാണ് എന്‍റെ ജോലി. നിങ്ങള്‍ ഒരാളെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് നന്നാവില്ല", പ്രിയദര്‍ശന്‍ പറയുന്നു.

അതേസമയം പ്രിയദര്‍ശന്‍ എട്ട് വര്‍ഷത്തിനു ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ഹംഗാമ 2 കഴിഞ്ഞ ദിവസമാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസ് ആയത്. പരേഷ് റാവലും ശില്‍പ ഷെട്ടിയും മീസാന്‍ ജാഫ്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥിതാരമായി അക്ഷയ് ഖന്നയും എത്തുന്നുണ്ട്. പ്രിയദര്‍ശന്‍റെ തന്നെ 'മിന്നാര'മാണ് ചിത്രത്തിന് പ്രചോദനം. അതേസമയം ബോളിവുഡില്‍ പ്രിയദര്‍ശന്‍റെ അടുത്ത ചിത്രം അക്ഷയ് കുമാറുമൊത്താണ്. ഈ മാസാദ്യത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona