സംസ്ഥാനത്തിന്‍റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് അഭിനന്ദനവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. കേരളത്തിന്‍റെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രിയദര്‍ശന്‍ കെ കെ ശൈലജയെ വിശേഷിപ്പിച്ചത്. കെ കെ ശൈലജ ഒരുപാടു പേര്‍ക്ക് പ്രചോദനമാണെന്നും നമ്മുടെ പൌരന്മാരെ രക്ഷിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്നും പ്രിയദര്‍ശന്‍ കുറിച്ചു. ആരോഗ്യമന്ത്രിയുടെ ചിത്രത്തിനൊപ്പമാണ് പ്രിയദര്‍ശന്‍റെ കുറിപ്പ്.

അതേസമയം കേരളത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നാണ് മന്ത്രിസഭായോഗത്തിലെ വിലയിരുത്തല്‍. കേരളത്തില്‍ ലോക്ക് ഡൌണ്‍ കാലാവധി നീട്ടുന്ന കാര്യത്തില്‍ കേന്ദ്ര നിര്‍ദേശം അറിഞ്ഞതിന് ശേഷം അന്തിമ തീരുമാനം ആകാമെന്നും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം നിലപാടെടുത്തു. ലോക്ക് ഡൌണ്‍ തുടരണമോ വേണ്ടയോ എന്നതു സംബന്ധിച്ചുള്ള കേന്ദ്ര തീരുമാനം പത്താം തീയ്യതിയോടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനു ശേഷം കേരളത്തില്‍ തീരുമാനം എങ്ങനെ നടപ്പാക്കണം എന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കും.