ബാഹുബലിയുടേത് വലിയ ബജറ്റ് ആയിരുന്നെന്ന് പ്രിയദര്‍ശന്‍

സ്വപ്‍ന പദ്ധതിയായ 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം' (Marakkar) നിര്‍മ്മാണ വേളയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ സമ്മര്‍ദ്ദം ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവിനെ ചുറ്റിപറ്റിയുള്ളതായിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ (Priyadarshan). പലരും ബാഹുബലിയുമായി (Baahubali) മരക്കാറിനെ താരതമ്യം ചെയ്യുമ്പോള്‍ ഇരു ചിത്രങ്ങളുടെയും ബജറ്റിലുള്ള വ്യത്യാസത്തെക്കുറിച്ചും പ്രിയന്‍ പറയുന്നു. ദി ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍റെ അഭിപ്രായപ്രകടനം. ഈ മാസം 2ന് തിയറ്ററുകളിലെത്തിയ ചിത്രം ഏതാനും ദിവസം മുന്‍പാണ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമില്‍ എത്തിയത്.

"മറ്റെന്തിനെക്കാളും ചിത്രത്തിന്‍റെ ബജറ്റ് ആണ് എന്നെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇത് ബാഹുബലി പോലെയല്ല, അവിടെ അവര്‍ക്ക് ഉയര്‍ന്ന ബജറ്റും ഒരുപാട് സമയവും ഉണ്ടായിരുന്നു. നമുക്ക് ഞെരുക്കമുള്ള ഒരു ബജറ്റ് ആണ് ഉണ്ടായിരുന്നത്. അക്കാര്യത്തില്‍ നമ്മുടെ ഏറ്റവുമടുത്ത എതിരാളി സ്റ്റീവന്‍ സ്‍പില്‍ബര്‍ഗ് (Steven Spielberg) ആയിരുന്നു", പ്രിയദര്‍ശന്‍ പറയുന്നു. 100 മില്യണ്‍ ഡോളറിന് മുകളില്‍ നിര്‍മ്മാണച്ചെലവുള്ള പല ചിത്രങ്ങളും സ്‍പില്‍ബര്‍ഗ് സംവിധാനം ചെയ്‍തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹൊറര്‍ ചിത്രം 'സോ' (2004)യുടെ ബജറ്റ് 1.2 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. (ഇപ്പോഴത്തെ കണക്കനുസരിച്ച് 9.06 കോടി രൂപ). 18 ദിവസം കൊണ്ടാണ് അദ്ദേഹം ചിത്രീകരണവും പൂര്‍ത്തിയാക്കിയത്. എന്നാല്‍ ബോക്സ് ഓഫീസില്‍ ചിത്രം കളക്റ്റ് ചെയ്‍തത് 103.9 മില്യണ്‍ ഡോളര്‍ ആയിരുന്നു.

ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കിയത് ബജറ്റ് കൂടാതെയിരിക്കാനായിരുന്നുവെന്നും അല്ലാതെ ഒരു തിരക്കുകൂട്ടല്‍ ആയിരുന്നില്ലെന്നും പ്രിയന്‍ പറയുന്നു- "ഷെഡ്യൂളിനെ ഞാന്‍ വിഭജിച്ചിരുന്നുവെങ്കില്‍ ബജറ്റ് കൈവിട്ടുപോയേനെ. മുഴുവന്‍ അഭിനേതാക്കളെയും ഒരേ ദിവസം കിട്ടുക, താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും യാത്ര ഇവയെല്ലാം ചെലവ് കൂട്ടിയേനെ. എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള അധ്വാനമാണ് ഇത് സാധ്യമാക്കിയത്", പ്രിയദര്‍ശന്‍ പറയുന്നു. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ തന്‍റെ ചിത്രങ്ങളിലെ നായകന്മാരായി എത്തുമ്പോള്‍ ആരാധകര്‍ക്കു കൈയടിക്കാന്‍ വേണ്ടിയുള്ള രംഗങ്ങള്‍ സൃഷ്‍ടിക്കാന്‍ താന്‍ ശ്രമിക്കാറില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. 

"ഞാനത് ചെയ്യാറില്ല. വാണിജ്യ സിനിമകളാണ് ചെയ്യുന്നതെങ്കിലും അവയില്‍ 'മാസ്' രംഗങ്ങള്‍ ചേര്‍ക്കുന്നതില്‍ എനിക്ക് ചില അതിരുകളൊക്കെയുണ്ട്. അത്തരത്തില്‍ എനിക്ക് ആരാധകരെ പൂര്‍ണ്ണമായി തൃപ്‍തിപ്പെടുത്താനാവില്ല. എല്ലാവരും ആസ്വദിക്കുന്ന ചിത്രങ്ങള്‍ ഒരുക്കണമെന്നാണ് എനിക്ക്. അഭിമന്യുവും അദ്വൈതവും അടക്കമുള്ള എന്‍റെ ആക്ഷന്‍ ചിത്രങ്ങള്‍ നോക്കൂ. ഒരു പരാജിതന്‍ ആണ് നായകന്‍. കാരണം എനിക്ക് എന്‍റെ സിനിമകള്‍ യാഥാര്‍ഥ്യത്തോട് അടുത്ത് നില്‍ക്കണമെന്നുണ്ട്", പ്രിയദര്‍ശന്‍ പറഞ്ഞവസാനിപ്പിക്കുന്നു.