മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ചിദംബരത്തിന്‍റെ പുതിയ ചിത്രമായ 'ബാലന്‍' നാളെ തിയറ്ററുകളില്‍

ആവേശം സംവിധായകന്‍റെ രചനയില്‍ മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ഒരുക്കുന്ന ചിത്രം. ബാലന്‍ എന്ന ചിത്രത്തിനുള്ള പ്രീ റിലീസ് ഹൈപ്പ് അതാണ്. മഞ്ഞുമ്മല്‍ പോലെ മലയാള സിനിമയുടെ സീന്‍ മാറ്റിയ ഒരു വിജയത്തിന് ശേഷവും പുതുമുഖങ്ങളെ വച്ചുള്ള ഒരു ചിത്രം ഒരുക്കാനാണ് ചിദംബരം തീരുമാനിച്ചത് എന്നതാണ് കൗതുകം. നാളെയാണ് ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. റിലീസിന് മുന്‍പ് ചിത്രം കണ്ട ഒരാള്‍ സംവിധായകന്‍ പ്രിയദര്‍ശനാണ്. ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം അദ്ദേഹം പങ്കുവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ താന്‍ കണ്ട ഏറ്റവും മികച്ച സിനിമയെന്നാണ് ക്യൂ സ്റ്റുഡിയോയുടെ ടോക്ക് ഷോയില്‍ പ്രിയദര്‍ശന്‍ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഞാന്‍ കണ്ട ഏറ്റവും മികച്ച സിനിമ. ഒരു സിനിമ സംഭവിക്കുന്നതാണ്. ഒരു ഉഗ്രന്‍ സിനിമ എടുത്തുകളയാമെന്ന് വച്ച് ഒരു സിനിമയെടുക്കാന്‍ പറ്റില്ല. എല്ലാവരും അവരവരുടെ പങ്ക് നന്നായി ചെയ്തു. ഒരു ഗംഭീര ടീം വര്‍ക്ക് ആണ് ബാലന്‍. ഒരു സിനിമയുടെ നട്ടെല്ല് എന്ന് ഞാന്‍ കരുതുന്നത് തിരക്കഥയാണ്. പരിചയമുള്ള അഭിനേതാക്കള്‍ ഇല്ല. ഒരു സ്ലോ പേസിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. എന്നിട്ടും ആ സിനിമ നിങ്ങളുടെ ശ്രദ്ധ പിടിക്കുന്നു. ആ മാജിക് നിങ്ങള്‍ എങ്ങനെ ഉണ്ടാക്കിയെന്ന് എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. ഒരിക്കല്‍ക്കൂടി എനിക്കത് കാണണം”, ചിദംബരം അടക്കമുള്ള ചിത്രത്തിന്‍റെ അണിയറക്കാരോട് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

റിലീസിന് മുന്‍പ് പ്രിയദര്‍ശന്‍ പറഞ്ഞ പ്രശസ്തമായ അഭിപ്രായങ്ങളിലൊന്ന് ജോഷി- മമ്മൂട്ടി ചിത്രം ന്യൂഡല്‍ഹിയെക്കുറിച്ച് ആയിരുന്നു. ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി തുടര്‍ പരാജയങ്ങളില്‍ നില്‍ക്കുന്ന സമയത്ത് വരുന്ന ചിത്രമാണ് ന്യൂഡല്‍ഹി. റിലീസിനോടുക്കുമ്പോള്‍ ജോഷിക്കും ഡെന്നിസ് ജോസഫിനും നിര്‍മ്മാതാവ് ജോയ് തോമസിനും പടത്തെക്കുറിച്ച് ആത്മവിശ്വാസം പോര. ഇവരല്ലാതെ മറ്റാരും ചിത്രം കണ്ടിട്ടുമില്ല, അപ്പോഴാണ് ഡെന്നിസ് ജോസഫ് സിനിമ താന്‍ ഒരാളെ കാണിച്ചോട്ടെ എന്ന് ജോഷിയോട് ചോദിക്കുന്നത്. പ്രിയദര്‍ശന്‍ ആയിരുന്നു അത്. അങ്ങനെ പ്രിയദര്‍ശന് മാത്രമായി ഒരു ഷോ അണിയറക്കാര്‍ ചെന്നൈയില്‍ ഒരുക്കിക്കൊടുത്തു.

ചിത്രം ​കണ്ട് ഞെട്ടിയ പ്രിദയദര്‍ശന്‍ ജോഷിയെ വിളിച്ചു. “ജോഷിയേട്ടാ, ഞാനിത് കണ്ടിട്ട് ഞെട്ടിപ്പോയി. ആദ്യത്തെ മൂന്ന് റീല്‍ കണ്ടപ്പോള്‍ത്തന്നെ ഇതുവരെയുള്ള എന്‍റെ ഫിലിം മേക്കിംഗ് രീതിയേ മാറ്റണമെന്ന് തോന്നി”, എന്നായിരുന്നു പ്രിയദര്‍ശന്‍റെ വാക്കുകള്‍. പിന്നെ പ്രിയന്‍ വിളിച്ചത് മോഹന്‍ലാലിനെയാണ്. “ദാ മമ്മൂട്ടി വീണ്ടും തിരിച്ചുവരാന്‍ പോകുന്നു”, എന്നായിരുന്നു പ്രിയദര്‍ശന്‍റെ വാക്കുകള്‍. അങ്ങനെ ന്യൂഡല്‍ഹി സൂപ്പര്‍ഹിറ്റ് ആവുമെന്ന് ആദ്യം പ്രവചിച്ചത് പ്രിയദര്‍ശന്‍ ആയിരുന്നു. പ്രിയദര്‍ശന്‍റെ റിവ്യൂ ബാലന്‍റെ കാര്യത്തില്‍ എങ്ങനെ ആവുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming