ആ നടി അയാളെ വിളിച്ചപ്പോൾ അയാൾ ഉടനെ ഫോൺ എടുത്ത്, ‘ആ മോളൂ... പറഞ്ഞോളൂ...’ എന്നു പറഞ്ഞു- നടനെ കുറിച്ചുള്ള സൂചനകളുമായി അഖില്‍ വെളിപ്പെടുത്തുന്നു.

പ്രശസ്‍തയായ കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്‍മ ബോസ്. ഏറെക്കാലം സുഹൃത്തായിരുന്ന അഖിലിനെയാണ് ഗ്രീഷ്മ വിവാഹം ചെയ്തത്. അഖിലും കണ്ടന്റ് ക്രിയേഷനുമായി സജീവമാണ്. അടുത്തിടെ ഇരുവർക്കും കുഞ്ഞ് ജനിക്കുകയും ചെയ്‍തിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. മലയാളത്തിലെ പ്രശസ്‍തനായ നടനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവവും അഖിൽ അഭിമുഖത്തിൽ പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''നമ്മുടെ ഇന്‍ഡസ്ട്രിയിലെ വലിയൊരു നടനെ ഞാൻ ഇടയ്ക്ക് കഥ കേൾക്കാമോയെന്ന് ചോദിച്ച് വിളിക്കും. ‘മോനേ ഞാൻ ഭയങ്കര തിരക്കാണ്...’ എന്നായിരിക്കും എപ്പോഴും മറുപടി. മോനെ എന്നുള്ള വിളികേട്ട് തെറ്റിദ്ധരിക്കരുത്, മോഹൻലാൽ അല്ല. മരിച്ചുപോയൊരു സംവിധായകനുണ്ട്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ് ഈ നടൻ. ആ സംവിധായകൻ അസുഖം കൂടി തൃശൂരുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമയത്താണ് ഞാൻ ഈ പുള്ളിയെ വിളിക്കുന്നത്. പുള്ളി എന്നോട് ആശുപത്രിയിലേക്ക് വരാനും അവിടെ വച്ച് കഥ കേൾക്കാമെന്നും പറഞ്ഞു. ഞാൻ ആ സമയത്ത് എറണാകുളത്താണ്. പക്ഷേ, കയ്യിൽ കാശ് ഇല്ല. സുഹൃത്തിന്റെ ഒരു ബൈക്ക് കയ്യിലുണ്ട്. ഉണ്ടായിരുന്ന ചില്ലറ നുള്ളി പെറുക്കി പെട്രോൾ അടിച്ച് ഞാൻ തൃശൂർക്ക് പോയി.

ആശുപത്രിയിൽ ചെന്ന് നോക്കിയപ്പോൾ പുള്ളി വിഷമിച്ച് ഇരിക്കുന്നു. മദ്യപിച്ചിട്ടുമുണ്ട്. എന്നെ കണ്ടതോടെ അടുത്ത് വന്നു, ‘താഴെ നിൽക്കൂ... അങ്ങോട്ട് വരാം’ എന്നു പറഞ്ഞു. ഞാൻ താഴെ കാത്തിരുന്നു. അദ്ദേഹം വന്നു, പുള്ളിയുടെ കാറിലേക്ക് ഇരിക്കാമെന്നും അവിടെ ഇരുന്ന് കഥ കേൾക്കാമെന്നും പറഞ്ഞു. കാറിൽ കയറി ഇരുന്നപ്പോളും പുള്ളി വിഷമത്തിലാണ്. ‘മോനേ. എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണ് ആശുപത്രിയില്‍ കിടക്കുന്നത്. എനിക്ക് ഇന്ന് കഥ കേൾക്കാൻ പറ്റില്ല’ എന്ന് പറഞ്ഞു. വിഷമത്തിലാണെങ്കിൽ ഇയാൾ എന്തിനാണ് എന്നെ വിളിച്ചു വരുത്തിയത് എന്ന ചിന്തയായിരുന്നു എന്റെ മനസിൽ. ‘സാരമില്ല ചേട്ടാ’യെന്നു പറഞ്ഞ് ഞാൻ തിരികെ മടങ്ങി.

അതിനുശേഷം ഞാൻ വിളിച്ചാൽ ഇയാൾ കോൾ എടുക്കില്ല. മറ്റൊരു സെറ്റില്‍ വെച്ച് ഒരു നടിയോട് ഇക്കാര്യം ഞാൻ പറഞ്ഞു. ആര് പറഞ്ഞു ഫോൺ എടുക്കില്ലെന്ന്? ഞാനിപ്പോൾ വിളിക്കാമെന്ന് പറഞ്ഞ് ആ നടി അയാളെ വിളിച്ചപ്പോൾ അയാൾ ഉടനെ ഫോൺ എടുത്ത്, ‘ആ മോളൂ... പറഞ്ഞോളൂ...’ എന്നു പറഞ്ഞു. അതോടെ ആ നടനെ ഞാൻ വെറുത്ത് പോയി’’, എന്നാണ് അഖിൽ അഭിമുഖത്തിൽ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക