'നഷ്ടം എന്ന ഒറ്റവാക്കിൽ ഒതുക്കാനാവില്ല എന്‍റെ പ്രിയപ്പെട്ട വേണുച്ചേട്ടന്‍റെ വിയോഗം'

പ്രിയദര്‍ശന്‍ (Priyadarshan) ചിത്രങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യങ്ങളിലൊന്നായിരുന്നു നെടുമുടി വേണു (Nedumudi Venu). ചിത്രം, തേന്മാവിന്‍ കൊമ്പത്ത്, വന്ദനം തുടങ്ങി ആ കോമ്പിനേഷനിലെ മികവുറ്റ കഥാപാത്രങ്ങളുടെ നിര നീളുന്നു. ഇപ്പോഴിതാ പ്രിയ നടന്‍റെ വേര്‍പാടില്‍ അദ്ദേഹം തനിക്ക് ആരായിരുന്നുവെന്ന് ചുരുങ്ങിയ വാക്കുകളില്‍ കുറിക്കുകയാണ് പ്രിയദര്‍ശന്‍.

നെടുമുടി വേണുവിനെ അനുസ്‍മരിച്ച് പ്രിയദര്‍ശന്‍

നഷ്ടം എന്ന ഒറ്റവാക്കിൽ ഒതുക്കാനാവില്ല എന്‍റെ പ്രിയപ്പെട്ട വേണുച്ചേട്ടന്‍റെ വിയോഗം. നാടകത്തിൽ നിന്നു വന്ന്, നാടകീയത ഒട്ടും ഇല്ലാതെ, കഥാപാത്രങ്ങളെ ജീവിതത്തിൽ നിന്ന് നേരിട്ട് തിരശ്ശീലയിലേക്കെത്തിച്ച മഹാത്ഭുതം എന്നു മാത്രമേ വേണുച്ചേട്ടനെ വിശേഷിപ്പിക്കാനാവൂ. എന്‍റെ മനസ്സിൽ രൂപപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങൾക്ക് അസൂയാവഹമായ ഭാവപ്പകർച്ച നൽകിയ വേണുച്ചേട്ടനുമായി, സിനിമയ്ക്ക് പുറത്തായിരുന്നു കൂടുതൽ അടുപ്പം. ജേഷ്ഠതുല്യനെന്നോ, ആത്മസുഹൃത്തെന്നോ ഒക്കെ വിളിക്കാവുന്ന ബന്ധം. ഒരു പുഞ്ചിരിയിൽ ഇത്ര മാത്രം സ്നേഹം നിറയ്ക്കാൻ കഴിയുന്ന വേറൊരാളില്ല എന്ന് പലതവണ തോന്നിയിട്ടുണ്ട്. വേദനയോടെ വേണുച്ചേട്ടന് വിട...

ഉദരംസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നെടുമുടി വേണുവിന്‍റെ മരണം. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി 500ല്‍ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം 'പൂരം' എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും (മികച്ച സഹനടന്‍, പ്രത്യേക പരാമര്‍ശം) ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.