പ്രേക്ഷകര്‍ കാണാത്ത ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. കൊവിഡ് രോഗം വില്ലനായതാണ് മറ്റ് സിനിമകളെ പോലെ തന്നെ മരക്കാര്‍ വെള്ളിത്തിരയിലേക്ക് എത്താത്തതിന് കാരണവും. ചരിത്ര സിനിമയായതിനാല്‍ തന്നെ എന്തെല്ലാം ദൃശ്യ വിസ്‍മയങ്ങളാകും ചിത്രത്തില്‍ എന്നത് കണ്ടറിയണം. ടീസര്‍ അതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. സിനിമയുടെ വിഷ്വല്‍ എഫക്റ്റ്‍സിന് തിയറ്ററില്‍ എത്തും മുന്നേ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ കയ്യടി കിട്ടിയിരിക്കുന്നു. 

സിനിമ പ്രേക്ഷകര്‍ കണ്ടില്ല എന്ന് പറയുന്നതുപോലെ തന്നെയാണ് അധികമാരും കേള്‍ക്കാത്ത ഒരു പേരുകാരനാണ് വിഷ്വല്‍ ഇഫക്റ്റ്‍സിന് അവാര്‍ഡ് കിട്ടിയിരിക്കുന്നതും. സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് ഇത്തവണ മികച്ച വിഷ്വല്‍ ഇഫക്റ്റ്‍സിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് നേടിയിരിക്കുന്നത്. പ്രിയദര്‍ശൻ എന്ന പേര് ഒപ്പമുള്ളതിനാല്‍ തന്നെ ആളാരാണ് എന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിട്ടുണ്ടാകും. സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസ്സിയുടെയും മകൻ സിദ്ധാര്‍ഥ് തന്നെയാണ് ഇത്തവണ വിഎഫ്എക്സിന് അംഗീകാരം നേടിയിരിക്കുന്നത്. സിനിമയുടെ സാങ്കേതിക മേഖലയിലേക്ക് പ്രിയദര്‍ശൻ കുടുംബത്തില്‍ നിന്ന് ഒരാള്‍ എത്തുന്നുവെന്നതാണ് ആരാധകര്‍ക്ക് പ്രത്യേകതയുള്ളതുതന്നെയാണ്. മകള്‍ കല്യാണി പ്രിയദര്‍ശൻ അഭിനയരംഗത്തും സജീവമായിട്ടുണ്ട്. മികച്ച നൃത്ത സംവിധാനത്തിനും മരക്കാറിന് അവാര്‍ഡുണ്ട്.  ഡബ്ബിംഗ് ആര്‍ടിസ്റ്റിനും ചിത്രം അവാര്‍ഡ് നേടി. നൃത്ത സംവിധാനത്തിന് ബൃന്ദയ്‍ക്കും പ്രസന്ന സുജിത്തിനുമാണ് അവാര്‍ഡ്. നടൻ വിനീതിനാണ് ഡബ്ബിംഗ് ആര്‍ടിസ്റ്റിനുള്ള അവാര്‍ഡ്. അര്‍ജുന്റെ കഥാപാത്രത്തിനാണ് വിനീത് ഡബ്ബ് ചെയ്‍തത്.

കല്യാണി പ്രിയദര്‍ശൻ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്.

സിദ്ധാര്‍ഥ് പ്രിയദര്‍ശന് എന്തുകൊണ്ടാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത് എന്ന് ജൂറി വ്യക്തമാക്കിയിട്ടുണ്ട്. പ്രക്ഷുബ്‍ധമായ കടലിലെ യുദ്ധരംഗങ്ങളും കരയിലെ പോരാട്ടങ്ങളും യാഥാര്‍ഥ്യ പ്രതീതി ജനിപ്പിക്കും വിധം സ്വാഭാവികതയോടെ ഒരുക്കിയ ദൃശ്യ സാങ്കേതിക മികവിന് എന്നാണ് ജൂറി വ്യക്തമാക്കിയിരിക്കുന്നത്. 50000 രൂപയും ഫലകവും പ്രശസ്‍തിപത്രവും ആണ് അവാര്‍ഡ്.  യുഎസില്‍ നിന്ന് ഗ്രാഫിക്സില്‍ ബിരുദം നേടിയിട്ടുണ്ട് സിദ്ധാര്‍ഥ്. പ്രിയദര്‍ശൻ തന്നെ സംവിധാനം ചെയ്‍ത ഒപ്പം എന്ന സിനിമയില്‍ അസിസ്റ്റന്റായും സിദ്ധാര്‍ഥ് പ്രവര്‍ത്തിച്ചിരുന്നു.  ഗ്രാഫിക്സ് ആണ് മനസിലാകാത്ത വിധമായിരിക്കും ചിത്രത്തില്‍ ഉപയോഗിക്കേണ്ടത് എന്നാണ് സിദ്ധാര്‍ഥ് ആഗ്രഹിക്കുന്നത് എന്ന് ഒരിക്കല്‍ പ്രിയദര്‍ശൻ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്തായാലും മരക്കാര്‍: അറബിക്കടലിന്റെ സിനിമ റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.