ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ പ്രിയദര്‍ശന്‍റെ അരങ്ങേറ്റമായിരിക്കും ഈ ചിത്രം

മലയാളത്തിലെ പ്രമുഖ യുവതാരങ്ങളെ അണിനിരത്തി പ്രിയദര്‍ശന്‍ (Priyadarshan) ഒരു ത്രില്ലര്‍ സിനിമ ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ എന്നിവരാവും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്ന് ഒടിടി പ്ലേ നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. എന്നാല്‍ ഷെയ്ന്‍ നിഗവും ഈ ചിത്രത്തിന്‍റെ ഭാഗമായേക്കുമെന്നാണ് സൂചന. 

പ്രിയദര്‍ശനൊപ്പമുള്ള ഒരു ചിത്രം ഷൈന്‍ ടോം ചാക്കോ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. പ്രിയദര്‍ശനെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി കണ്ടപ്പോഴത്തേതായിരുന്നു ഈ ചിത്രം. ഷെയ്ന്‍ നി​ഗവും നിര്‍മ്മാതാവും പ്രൊജക്റ്റ് ഡിസൈനറുമായ ബാദുഷയും ഷൈനിനൊപ്പം ചിത്രത്തിലുണ്ട്. റോളിം​ഗ് സൂണ്‍ എന്നാണ് ചിത്രത്തിന് ഷൈന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഷെയ്ന്‍ നി​ഗവും ഈ ചിത്രത്തിന്‍റെ ഭാ​ഗമായെന്നാണ് സിനിമാ​ഗ്രൂപ്പുകളില്‍ ആരാധകരുടെ സംസാരം. 

പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും നിര്‍മ്മാണവും. പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ പ്രിയദര്‍ശന്‍റെ അരങ്ങേറ്റമായിരിക്കും ഈ ചിത്രം. ഓ​ഗസ്റ്റ് 1ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കപ്പെടുമെന്ന് കരുതപ്പെടുന്ന ചിത്രത്തിന് തൊടുപുഴയും ഒരു പ്രധാന ലൊക്കേഷനാണെന്ന് അറിയുന്നു. അതേസമയം ഈ പ്രോജക്റ്റ് സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനമൊന്നും ഇതുവരെ വന്നിട്ടില്ല.

ALSO READ : 'രഘുനന്ദന്‍' മദ്യം ഉപേക്ഷിച്ചിട്ട് 10 വര്‍ഷങ്ങള്‍; സ്‍പിരിറ്റ് റിലീസ് വാര്‍ഷികം ആഘോഷിച്ച് ആരാധകര്‍

അതേസമയം മോഹന്‍ലാല്‍ നായകനായ ബി​ഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിനു ശേഷം കൗതുകമുണര്‍ത്തുന്ന നിരവധി പ്രോജക്റ്റുകള്‍ പ്രിയദര്‍ശന്റേതായി പുറത്തുവരാനുണ്ട്. ഉര്‍വ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം അപ്പാത, എംടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സില്‍ വരാനിരിക്കുന്ന ആന്തോളജിയിലെ രണ്ടുചിത്രങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനം. മലയാളത്തിലെ പ്രമുഖ സംവിധായകരും അഭിനേതാക്കളുമൊക്കെ അണിനിരക്കുന്ന ആന്തോളജിയില്‍ പ്രിയന്‍ രണ്ട് സിനിമകളാണ് ഒരുക്കുന്നത്. 'ശിലാലിഖിതം' എന്ന കഥയില്‍ ബിജു മേനോന്‍ ആണ് നായകന്‍. മറ്റൊന്ന് എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത 'ഓളവും തീരവും' എന്ന സിനിമയുടെ റീമേക്ക് ആണ്. മോഹന്‍ലാല്‍ ആണ് ഇതില്‍ നായകന്‍. മോഹന്‍ലാല്‍ നായകനാവുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയും പ്രിയദര്‍ശന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഒരു ബോക്സറുടെ വേഷത്തിലാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക. എന്നാല്‍ ഈ ചിത്രം ഉടന്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാനായകനാവുന്ന ഒരു ബോളിവുഡ് ചിത്രവും പ്രിയന്‍റേതായി വരാനുണ്ട്.