ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രിയദര്‍ശന്‍ അല്ല

കരിയറിലെ ആദ്യത്തെ ഹൊറര്‍ കോമഡി ചിത്രം ഒരുക്കാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍. മലയാളത്തിലല്ല, മറിച്ച് ഹിന്ദിയിലാണ് ചിത്രം. അക്ഷയ് കുമാര്‍ ആണ് നായകന്‍. 14 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. 2021 ല്‍ പ്രദര്‍ശനത്തിനെത്തിയ ഹം​ഗാമ 2 ന് ശേഷം പ്രിയദര്‍ശന്‍റെ സംവിധാനത്തിലെത്തുന്ന ഹിന്ദി ചിത്രവുമാവും ഇത്.

ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍- നടന്‍ കൂട്ടുകെട്ടാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും. ഹേര ഫേരിയും ഭൂല്‍ ഭുലയ്യയും തുടങ്ങി ഇവരുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളായിരുന്നു. എന്നാല്‍ 2010ല്‍ പുറത്തെത്തിയ ഖട്ട മീഠയ്ക്കു ശേഷം ഇവരുടേതായി ചിത്രങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. ഇരുവരുടെയും ഏഴാമത്തെ ചിത്രമായിരിക്കും ഇത്. ഭൂല്‍ ഭുലയ്യയുടെ തുടര്‍ച്ചയോ സ്പിന്‍ ഓഫോ അല്ല പുതിയ ചിത്രമെന്നും ഒറിജിനല്‍ ആശയമാണെന്നും പ്രിയദര്‍ശന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രിയദര്‍ശന്‍ അല്ല. "അത് നിര്‍മ്മാതാവ് ഏക്ത കപൂര്‍ എനിക്ക് തന്നതാണ്. അത് ഭൂല്‍ ഭുലയ്യ അല്ല. മറിച്ച് ഒരു ഹൊറര്‍ കോമഡി ആയിരിക്കും. ഫാന്‍റസി ഹൊറര്‍ ​ഗണത്തില്‍ പെടുന്ന ഒന്ന്. അതായത് ഭയം എന്നത് യാഥാര്‍ഥ്യത്തിന്‍റെ പരസരത്തുനിന്ന് ഉണ്ടാവുന്നത് ആവില്ല. ഭൂല്‍ ഭുലയ്യയെ ഹ്യൂമറിന്‍റെ പശ്ചാത്തലമുള്ള സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നേ ഞാന്‍ പറയൂ", പ്രിയദര്‍ശന്‍ പറയുന്നു. ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിക്കുന്നു. 

മലയാളത്തില്‍ വന്‍ വിജയം നേടിയ മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂല്‍ ഭുലയ്യ. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആയിരുന്നു നായകന്‍. ഈ ചിത്രത്തിന്‍റെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആയി 2022 ല്‍ പുറത്തെത്തിയ ഭൂല്‍ ഭുലയ്യ 2 സംവിധാനം ചെയ്തത് അനീസ് ബസ്മി ആയിരുന്നു. ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാ​ഗം ഈ വര്‍ഷം ഇറങ്ങുന്നുമുണ്ട്.

ALSO READ : ഇനി ഒടിടിയില്‍ കാണാം; 'ക്വീന്‍ എലിസബത്ത്' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം