എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന 'വാരണാസി' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ മഹേഷ് ബാബു നായകനാകുന്നു. പ്രിയങ്ക ചോപ്ര നായികയായും, പൃഥ്വിരാജ് 'കുംഭ' എന്ന വില്ലൻ കഥാപാത്രമായും എത്തുന്നു. കീരവാണി സംഗീതം നൽകുന്ന ഐമാക്സ് ചിത്രം, 2027ൽ റിലീസ്.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന എസ് എസ് രാജമൗലി ചിത്രമാണ് 'വാരണാസി'. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രത്തിൽ കുംഭ എന്ന നെ​ഗറ്റീവ് റോളിൽ മലയാളത്തിന്റെ പൃഥ്വിരാജും എത്തുന്നുണ്ട്. പ്രിയങ്ക ചോപ്രയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യമായൊരു തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്ന സന്തോഷത്തിലാണ് പ്രിയങ്ക ഇപ്പോൾ. തതവസരത്തിൽ പ്രിയങ്ക പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.

"തെലുങ്ക്, മലയാളം ഇൻഡസ്ട്രികളിലെ ഈ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതും ഒരു എസ്എസ് രാജമൗലി ചിത്രത്തിനായി ഒന്നിക്കാനായതും ഭാ​ഗ്യമായി കരുതുകയാണ്. അതിലുമുപരിയായി ഞങ്ങൾ ഞങ്ങളുടെ സിനിമയെ അന്താരാഷ്ട്ര മാധ്യമങ്ങൾക്കൊപ്പം പ്രമോട്ട് ചെയ്യുന്നു, അതും റിലീസിന് ഏകദേശം ഒരു വർഷം മുമ്പാണ്! അവരുടെ പ്രതികരണങ്ങളും കാത്തിരിപ്പിൻ്റെ കെട്ടുറപ്പും കാണുമ്പോൾ സിനിമയെ കുറിച്ച് പറയാനുള്ള ആവേശം വളരെ വലുതാണ്. ദൈവകൃപയാൽ ഞങ്ങൾ നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരും. ജയ് ശ്രീറാം", എന്നായിരുന്നു പ്രിയങ്ക ചോപ്രയുടെ വാക്കുകൾ.

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. 

നേരത്തെ പുറത്തുവന്ന ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസര്‍ അനാവരണം ചെയ്തിരുന്നു.

View post on Instagram

ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പിആർഒ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് പ്രതീഷ് ശേഖർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്