ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'L365' എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ മോഹൻലാൽ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നടൻ ഡാൻ ഓസ്റ്റിൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രതീഷ് രവിയാണ് തിരക്കഥയൊരുക്കുന്നത്.
മോഹൻലാൽ വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘L365’ന്റെ ഓരോ അപ്ഡേഷനുകളും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ചിത്രത്തിന്റെ അണിയറയിൽ ഇപ്പോൾ ചേരുന്ന ഓരോ പേരും തന്നെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ ഉയർത്തുകയാണ്. മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായ ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഡിഒപി.
മനോഹരമായ ഫ്രെയിമുകൾ കൊണ്ട് പ്രേക്ഷകപ്രിയനായ ഷാജി കുമാർ തുടരും, പുലിമുരുകൻ, നരൻ, പോക്കിരി രാജ, സൗണ്ട് തോമ, മല്ലു സിംഗ്, സീനിയർസ്, റോബിൻഹുഡ് എന്നിവയുൾപ്പെടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തോടൊപ്പം തമിഴ് ചലച്ചിത്ര രംഗത്തും തന്റെ സംഭാവനകളാൽ ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് L365. ഷാജി കുമാർ എത്തുന്നതോടെ ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഡാൻ ഓസ്റ്റിൻ തോമസ്യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായ ഡാൻ, ‘അഞ്ചാംപാതിര’യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള അനുഭവം ഉപയോഗിച്ച് ഈ ചിത്രത്തിലൂടെ സംവിധാന രംഗത്ത് വലിയ ചുവടുവയ്‌പ്പാണ് നടത്തുന്നത്.
കഥ–തിരക്കഥ–സംഭാഷണം ഒരുക്കുന്നത് ‘അടി’, ‘ഇഷ്‌ക്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രതീഷ് രവിയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ഒരുക്കുന്ന ‘തന്ത വൈബ്’, ‘ടോർപിഡോ’ എന്നിവയ്ക്കുശേഷമുള്ള ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രവുമാണ് ‘L365’. മോഹൻലാൽ അവസാനമായി വൻ വിജയങ്ങൾ നേടിയ ‘തുടരും’, ‘എമ്പുരാൻ’ എന്നിവയ്ക്ക് ശേഷം police get-up ൽ എത്തുന്നെന്ന വാർത്ത തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘L365’ നെ ഒരു വലിയ പ്രതീക്ഷയുള്ള പ്രോജക്ട് ആക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ ആഷിക് ഉസ്മാൻ അറിയിച്ചു. മലയാള സിനിമയിൽ വീണ്ടും ഒരു വലിയ തിരികൊളുത്താൻ പോകുന്ന ചിത്രമായിരിക്കുമെന്നാണ് ‘L365’ നേക്കുറിച്ചുള്ള ആരാധകരുടെ അഭിപ്രായം.



