മുംബൈ: ബോളിവുഡും കടന്ന് ഹോളിവുഡിലും താരമായ അഭിനേത്രിയാണ് പ്രിയങ്ക ചോപ്ര. നിരവധി പുരസ്കാരങ്ങളും ബഹുമതികളും തേടിയെത്തിയിട്ടുള്ള പ്രിയങ്കയുടെ നേട്ടങ്ങളുടെ പട്ടികയില്‍ വീണ്ടുമൊരു അവാര്‍ഡ് കൂടി. യുണീസെഫിന്‍റെ ഡാനി കയേ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡിനാണ് പ്രിയങ്ക അര്‍ഹയായിരിക്കുന്നത്. യു എന്നിന്‍റെ കുട്ടികള്‍ക്കായുള്ള ഫണ്ടിന്‍റെ ഗുഡ്‍വില്‍ അംബാസിഡറാണ് പ്രിയങ്ക. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നടി അടുത്തിടെ എത്യോപ്യ സന്ദര്‍ശിച്ചിരുന്നു. എത്യോപ്യയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കുട്ടികളോടൊപ്പമുള്ള ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഡിസംബറില്‍ നടക്കുന്ന വാര്‍ഷിക പരിപാടിയായ സ്നോഫ്ലേക്ക് ബോള്‍ ഇവന്‍റില്‍ വച്ചാണ് പ്രിയങ്കയ്ക്ക് പുരസ്കാരം സമ്മാനിക്കുക. സമാധാനവും സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവുമാണ് വേണ്ടതെന്ന് അവാര്‍ഡിന് നന്ദി അറിയിച്ച് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.