പ്രിയങ്ക ചോപ്ര വിവാഹ മോചിതയാകുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ അഭ്യൂഹം.


പ്രേക്ഷകരുടെ പ്രിയങ്കരായ താര ജോഡികളാണ് പ്രിയങ്ക ചോപ്രയും- നിക്ക് ജൊനാസും (Priyanka Chopra and Nick Jonas). സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നവരാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. പ്രിയങ്കയും നിക്കും പരസ്‍പരം ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുമുണ്ട്. ഇരുവരും വിവാഹ മോചിതരാകാൻ പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണമാണ് ഇപോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്.

ഇൻസ്റ്റാഗ്രാം ട്വിറ്റര്‍ അക്കൗണ്ടുകളില്‍ തന്റെ പേരിനൊപ്പമുണ്ടായിരുന്ന ജൊനാസ് പ്രിയങ്ക മാറ്റിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ വിവാഹ മോചിതരാകാൻ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാൻ തുടങ്ങിയത്. ഇക്കാര്യത്തില്‍ പ്രിയങ്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല. ഇങ്ങനെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന് പ്രിയങ്ക ചോപ്രയുടെ അമ്മ മാധു ചോപ്ര അറിയിച്ചിട്ടുണ്ട്.

ഭാവി പ്രൊജക്റ്റുകളില്‍ തന്റെ പഴയ പേരു തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചതിനാലാണ് ഇങ്ങനെ മാറ്റമെന്ന് പ്രിയങ്ക ചോപ്രയുടെ അടുത്ത സുഹൃത്തും പറയുന്നു. പേര് മാറ്റം സംബന്ധിച്ച് മറ്റൊരു അടിസ്ഥാനവുമില്ല. ജൊനാസ് മാത്രമല്ല തന്റെ പേരില്‍ നിന്ന് ചോപ്ര എന്നതും നീക്കം ചെയ്‍തിട്ടുണ്ടെന്നും പ്രിയങ്കയുടെ സുഹൃത്ത് പറയുന്നു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരായത്.

നിക്ക് ജൊനാസ് ഷെയര്‍ ചെയ്‍ത ഒരു വീഡിയോയ്‍ക്ക് പ്രിയങ്ക ചോപ്ര എഴുതിയ കമന്റും ചര്‍ച്ചയാകുന്നുണ്ട്. നാശം, ഞാൻ നിന്റെ കയ്യില്‍ കിടന്ന് മരിച്ചുവെന്നായിരുന്നു നിക്ക് ജൊനാസിന്റെ വര്‍ക്കൗട്ട് വീഡിയോയ്‍ക്ക് ഇമോജികളോടെ (സാധാരണയെന്നപോലെ) പ്രിയങ്ക ചോപ്ര എഴുതിയത്. ലോസ് ഏഞ്ചല്‍സിലെ സ്വന്തം വസതിയില്‍ വെച്ച് ഇരുവരും ഒന്നിച്ച് ദീപാവലി ആഘോഷിച്ചിരുന്നു. എന്തായാലും വിവാഹ മോചനം സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ സത്യം ആയിരിക്കില്ല എന്ന വിശ്വാസത്തിലാണ് ഇവരുടെ വേണ്ടപ്പെട്ടവര്‍.