ടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ലണ്ടനിലെ ഒരു ഹെയര്‍ സലൂണില്‍ എത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ താക്കീത് നൽകി വിട്ടയച്ച് പൊലീസ്. നോട്ടിംഗ് ഹില്ലിലെ ജോഷ് വുഡ് കളര്‍ സലൂണിലായിരുന്നു അമ്മയ്ക്കൊപ്പം പ്രിയങ്ക എത്തിയത്. പിന്നാലെ എത്തിയ പൊലീസ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതകൾ ഓർമ്മപ്പെടുത്തി താരത്തെ വിട്ടയക്കുകയായിരുന്നു. 

ഒരു സിനിമാ ഷൂട്ടിംഗിന്‍റെ ഭാഗമായി മുടിക്ക് നിറം നല്‍കാന്‍ എത്തിയതെന്നാണ് പ്രിയങ്ക പൊലീസിനോട് വിശദീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയതിനാല്‍ നടിക്ക് പിഴ അടയ്ക്കേണ്ടി വന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തന്നെയാണ് നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന ചത്രത്തിന്‍റെ ആവശ്യത്തിനായി മുടിക്ക് നിറം നല്‍കാന്‍ സലൂൺ തയ്യാറായതെന്ന് പ്രിയങ്കയുടെ വക്താവ് അറിയിച്ചു. കൂടാതെ ജീവനക്കാരെ മുഴുവന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി വൈറസ് ബാധിയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് താരത്തെ അകത്തേക്ക് പ്രവേശിപ്പിച്ചതെന്നും ഇയാള്‍ പറയുന്നു. 

അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചപരിക്കുകയാണ്. തുടർന്ന് താരത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു നടി നിയമത്തിനും മേലെയാണോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ലോക്ക്ഡൗൺ തുടരുമ്പോഴും സിനിമ, സീരിയല്‍ ഷൂട്ടിംഗുകള്‍ തുടരാന്‍ ലണ്ടന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകണം ചിത്രീകരണങ്ങള്‍.