കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകള്‍ക്കൊപ്പം ചിത്രം മലയാളത്തിലും

തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരങ്ങളുടെ തുടക്കത്തിലും ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന പ്രിയങ്ക ഉപേന്ദ്ര ഒരിടവേളക്ക് ശേഷം വീണ്ടുമൊരു ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുന്ന ചിത്രമാണ് ഡിറ്റക്ടീവ് തീക്ഷ്ണ. പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ചിത്രം മലയാളത്തിലും റിലീസ് ചെയ്യും. നടനും സംവിധായകനുമായ ഉപേന്ദ്രയുമായുള്ള വിവാഹത്തിനു ശേഷം പുതിയ പ്രോജക്റ്റുകളുടെ കാര്യത്തില്‍ ഏറെ സെലക്റ്റീവ് ആണ് പ്രിയങ്ക.

സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ചിത്രമാണ് ഡിറ്റക്ടീവ് തീക്ഷണയെന്ന് അണിയറക്കാര്‍ പറയുന്നു. പുരുഷ നായകന്മാരെ കണ്ടിരുന്ന പെൺകുട്ടികൾക്ക് ഡിറ്റക്ടീവ് തീക്ഷണയിൽ വനിതാ സൂപ്പർ ഹീറോകൾ പുതിയൊരു അനുഭവമായിരിക്കും. ചിത്രം ചില വൈകാരിക രംഗങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. പ്രേക്ഷകരെ ഒരേസമയം കൗതുകപ്പെടുത്തുകയും എന്‍റര്‍ടെയ്ന്‍ ചെയ്യിക്കുകയും ചെയ്യുന്ന ചിത്രമായിരിക്കും ഇതെന്നും അണിയറക്കാര്‍ പറയുന്നു. ത്രിവിക്രം രഘുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ഉപേന്ദ്രയുടെ കരിയറിലെ 50-ാ മത് ചിത്രമാണിത്. ഗുത്ത മുനി പ്രസന്ന, ജി മുനി വെങ്കട്ട് ചരണ്‍ (ഇവന്റ് ലിങ്ക്സ്, ബാംഗ്ലൂർ), പുരുഷോത്തം ബി (എസ്ഡിസി) എന്നിവര്‍ ചേർന്നാണ് നിർമ്മിക്കുന്നത്.

View post on Instagram

പ്രിയങ്കയെ കൂടാതെ ചിത്രത്തിൽ നിരവധി പ്രധാന കഥാപാത്രങ്ങളുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ പ്രസക്തമായ വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും തീർച്ചയായും ഇത് പ്രേക്ഷകർക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുകയെന്നും പ്രിയങ്ക പറയുന്നു. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിലും 'ഡിറ്റക്ടീവ് തീക്ഷണ' പ്രേക്ഷകരിലേക്കെത്തും. ഛായാഗ്രഹണം മനുദാസപ്പ, സംഗീതം പി ആര്‍, എഡിറ്റിംഗ് ശ്രീധര്‍ വൈ എസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ നവീന്‍ കുമാര്‍ ബി എം, പി ആർ ഒ പ്രതീഷ് ശേഖർ. 

ALSO READ : 'നമ്മുടെ സിനിമ അത്ര വിജയിച്ചില്ലെന്ന് എനിക്കറിയാം, ബാലന്‍സ് പൈസ എനിക്ക് വേണ്ട'; സംയുക്ത അന്ന് പറഞ്ഞു