Asianet News MalayalamAsianet News Malayalam

'മാലിക് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു അവര്‍ക്കെല്ലാം'; ആമസോണ്‍ റിലീസിനു മുന്‍പ് നിര്‍മ്മാതാവ്

"മാലിക്‌ നിങ്ങളിലേക്ക്‌ എത്തുകയാണ്‌. കാണുക, ഒപ്പം നിൽക്കുക"

producer anto joseph about ott release of malik
Author
Thiruvananthapuram, First Published Jul 14, 2021, 9:17 PM IST

ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത 'മാലിക്' ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ നാളെ എത്തുകയാണ്. ഫഹദിന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായ മാലിക് നിര്‍മ്മിച്ചിരിക്കുന്നത് ആന്‍റോ ജോസഫ് ആണ്. തിയറ്റര്‍ റിലീസ് ഉദ്ദേശിച്ച് വമ്പന്‍ കാന്‍വാസില്‍ പൂര്‍ത്തീകരിച്ച ചിത്രം കൊവിഡ് പശ്ചാത്തലം നീണ്ടുപോകുന്നതുമൂലം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവ് നിര്‍ബന്ധിതനായിത്തീരുകയായിരുന്നു. ഈ വിവരം ചൂണ്ടിക്കാട്ടി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ആന്‍റോ ജോസഫ് കത്തു നല്‍കിയിരുന്നു. ഇപ്പോഴിതാ, ചിത്രമെത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഒടിടി റിലീസ് എന്ന തീരുമാനത്തിലേക്കെത്തിയതിന്‍റെ കാരണം ഒരിക്കല്‍ക്കൂടി വിശദീകരിക്കുകയാണ് ആന്‍റോ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്.

മാലിക് ഒടിടിയിലൂടെ എത്താനുണ്ടായ സാഹചര്യം വിശദീകരിച്ച് നിര്‍മ്മാതാവ്

മാലിക്‌ നാളെ നിങ്ങളുടെ മുന്നിലേക്ക്‌ എത്തുകയാണ്‌. അമസോൺ പ്രൈമിലൂടെ. ഒരുപാട്‌ പേരുടെ സ്വപ്നമാണ്‌, മാലിക്‌. എഴുതി സംവിധാനം ചെയ്ത മഹേഷ് ‌ നാരായണന്‍റെ, സ്വയം സമർപ്പിച്ചഭിനയിച്ച ഫഹദിന്‍റെ, നിമിഷ സജയന്‍റെ, ജോജുവിന്‍റെ, വിനയ് ഫോർട്ടിന്‍റെ,  മറ്റ്‌ അഭിനേതാക്കളുടെ, ക്യാമറ ചലിപ്പിച്ച സാനുവിന്‍റെ, സംഗീതം കൊടുത്ത സുഷിൻ ശ്യാമിന്‍റെ, ശബ്ദരൂപകൽപ്പന നിർവ്വഹിച്ച വിഷ്ണു ഗോവിന്ദിന്‍റെ, ആർട്ട്‌ ഡയറക്റ്റർ സന്തോഷ്‌ രാമന്‍റെ, കൊസ്റ്റ്യൂം ഡിസൈൻ ചെയ്ത ധന്യ ബാലകൃഷ്ണന്‍റെ, മേക്കപ്പ് മാൻ രഞ്ജിത്ത് അമ്പാടിയുടെ, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് കുര്യന്‍റെ, ഇവർക്കെല്ലാം ഈ സിനിമ, അതിന്‍റെ വലിപ്പത്തിലും, മിഴിവിലും, ശബ്ദഭംഗിയിലും, തിയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. തീർച്ചയായും, ഒരു ഗംഭീര തീയറ്റർ അനുഭവം ആകുമായിരുന്നു, മാലിക്‌. ഏറെ കഷ്ടപ്പാടുകൾക്കിടയിലും, നിർമ്മാതാവ്‌ എന്ന നിലയിൽ മാലിക്‌ എന്ന സിനിമ ആവശ്യപ്പെടുന്നതൊക്കെ കൊടുക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. എന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമ. ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച സിനിമ. പക്ഷേ, നീണ്ടുനീണ്ടു പോവുന്ന കോവിഡ്‌ അനിശ്ചിതത്വത്തിൽ എന്നെപ്പോലെ ഒരു നിർമ്മാതാവിനു താങ്ങാവുന്നതിനപ്പുറത്തേക്ക്‌ ചിത്രത്തിന്‍റെ സാമ്പത്തിക ബാധ്യതകൾ പെരുകിയപ്പോൾ, OTT യിൽ വിപണനം ചെയ്തുകൊണ്ട്‌, ബാധ്യതകൾ ലഘൂകരിക്കുക എന്ന വേദനാജനകമായ തീരുമാനം എടുക്കേണ്ടി വന്നു. എന്‍റെ അവസ്ഥ എന്നോളം അറിഞ്ഞ ഫഹദും, മഹേഷും വേദനയോടെ ഒപ്പം നിന്നു. ചിത്രം വാങ്ങിച്ച ആമസോണിനും, ഏഷ്യാനെറ്റിനും നന്ദി. മാലിക്‌ നിങ്ങളിലേക്ക്‌ എത്തുകയാണ്‌. കാണുക, ഒപ്പം നിൽക്കുക. ഏറെ സ്നേഹത്തോടെ Anto Joseph.

Follow Us:
Download App:
  • android
  • ios