വിജയ് നായകനാവുന്ന സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രം 'ബിഗില്‍' പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ഒന്നാണ്. 'തെരി'ക്കും 'മെര്‍സലി'നും ശേഷം ആറ്റ്‌ലിയും വിജയ്‌യും ഒന്നിക്കുന്ന ചിത്രം ദീപാവലി റിലീസായി തീയേറ്ററുകളിലെത്തുമെന്ന് മുന്‍പേ പ്രഖ്യാപനം വന്നിരുന്നതാണ്. എന്നാല്‍ കൃത്യം റിലീസ് ദിവസം ഏതെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നുമില്ല. ഇപ്പോഴിതാ ദീപാവലിക്ക് ഉദ്ദേശം ഒരു മാസം മുന്നിലുള്ളപ്പോള്‍ ചിത്രത്തിന്റെ റിലീസ് ദിനത്തെച്ചൊല്ലി ആരാധകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉടലെടുത്തിരിക്കുകയാണ്.

ഇത്തവണത്തെ ദീപാവലി ദിനമായ ഒക്ടോബര്‍ 27 ഒരു ഞായറാഴ്ചയാണ്. ചിത്രം ഞായറാഴ്ച തന്നെയാവും തീയേറ്ററുകളിലെത്തുകയെന്ന് ശ്രീധര്‍ പിള്ളയെപ്പോലെയുള്ള ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തപ്പോള്‍ ചില തീയേറ്റര്‍ ഉടമകള്‍ മറ്റൊരു ദിനവും റിലീസ് തീയ്യതിയായി പറയുന്നതാണ് വിജയ് ആരാധകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചത്. പ്രമുഖ പ്രദര്‍ശനശാലകളായ വെട്രി തീയേറ്റേഴ്‌സ്, ജികെ സിനിമാസ്, റാം മുത്തുറാം സിനിമാസ് എന്നിവരൊക്കെ ഒകടോബര്‍ 24 (വ്യാഴാഴ്ച) ആണ് ബിഗില്‍ റിലീസ് തീയ്യതിയായി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ശ്രദ്ധയില്‍ പെട്ടതോടെ നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് തങ്ങളുടെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

റിലീസ് തീയ്യതി സംബന്ധിച്ച് പ്രചരിപ്പിക്കുന്നത് ഊഹാപോഹങ്ങളാണെന്നും അവ പ്രചരിപ്പിക്കരുതെന്നും ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായ അര്‍ച്ചന കല്‍പാത്തി ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായതിന് ശേഷമേ റിലീസ് തീയ്യതി പ്രഖ്യാപിക്കുകയുള്ളുവെന്നും. 

വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചാണ് ചിത്രത്തില്‍ വിജയ്യുടെ നായകന്‍. ഇരട്ട ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. നയന്‍താരയാണ് നായിക. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, യോഗി ബാബു തുടങ്ങിയവര്‍ക്കൊപ്പം ഐ എം വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.