Asianet News MalayalamAsianet News Malayalam

'വിമതരുടെ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല'; ലിജോക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

തീയേറ്റര്‍ ഉടമകളുടെ ഉറപ്പ് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ഗ്രൗണ്ടില്‍പ്രദര്‍ശിപ്പിക്കുകയാകും ഉചിതമെന്നും സിയാദ് കോക്കര്‍

producers association against lijo jose pellissery
Author
Kochi, First Published Jun 26, 2020, 12:27 PM IST

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. വിമതനീക്കം നടത്തുന്നവരുടെ സിനിമ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അസോ. നിര്‍വ്വാഹക സമിതി അംഗം സിയാദ് കോക്കര്‍ പറഞ്ഞു. തീയേറ്റര്‍ ഉടമകളുടെ ഉറപ്പ് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ഗ്രൗണ്ടില്‍പ്രദര്‍ശിപ്പിക്കുകയാകും ഉചിതമെന്നും സിയാദ് കോക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും പരോക്ഷമായി വിമര്‍ശിച്ച്  ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രതികരണം. ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്‍മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നുമായിരുന്നു ലിജോ ജോസ് പല്ലിശേരി പറഞ്ഞത്. ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണ്.ഇഷ്ടമുള്ള പ്ലാറ്റ്‌ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കുമെന്നും ലിജോജോസ് പെല്ലിശ്ശേരി വ്യക്തമാക്കിയിരുന്നു.

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ലിജോ പുറത്തുവിട്ടിരുന്നു. എ എന്നാണ് സിനിമയുടെ പേര്. ജൂലായ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നും ലിജോ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം 'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാ ആരാടാ തടയാന്‍' എന്ന ലിജോയുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിരുന്നു.

പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനെ സംബന്ധിച്ച് മലയാളി സിനിമയില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റും സിനിമാ പ്രഖ്യാപനവും എന്നതും ശ്രദ്ധേയം. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിര്‍മാതാക്കാളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഹാഗര്‍ എന്ന സിനിമ പ്രഖ്യാപിച്ച് ആഷിഖ് അബുവും ഫഹദ് ഫാസില്‍ സിനിമ പ്രഖ്യാപിച്ച് മഹേഷ് നാരായണനുംരംഗത്തെത്തി. പിന്നാലെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയും പുതിയ സിനിമ പ്രഖ്യാപിച്ചത്.പുതിയ സിനിമകളുടെ ചിത്രീകരണത്തിന് തടസ്സമില്ലെന്നും എന്നാല്‍ നിലവില്‍ റിലീസ് മുടങ്ങിയ ചിത്രങ്ങളുടെ റിലീസിന് ശേഷം മതി പുതിയ ചിത്രങ്ങളുടെ റിലീസെന്നുമാണ് ഫെഫ്കയുടെ നിലപാട്.

Follow Us:
Download App:
  • android
  • ios