Asianet News MalayalamAsianet News Malayalam

താരങ്ങളുടെ പ്രതിഫലം കുറയ്ക്കല്‍; അമ്മയ്‍ക്കും ഫെഫ്‍കയ്ക്കും കത്തയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

പ്രതിഫല കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. നിര്‍മ്മാണ ചെലവിന്‍റെ 60 ശതമാനവും അഭിനേതാക്കള്‍ക്കാണ് നല്‍കേണ്ടി വരുന്നതെന്നും അസോസിയേഷൻ പറയുന്നു. 

producers association sent letter to FEFKa Amma
Author
Kochi, First Published Jun 6, 2020, 5:41 PM IST

കൊച്ചി: താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍ക്ക് നിര്‍മ്മാതാക്കളുടെ സംഘടന കത്ത് അയച്ചു. അമ്മ, ഫെഫ്ക സംഘടനകൾക്കാണ് കത്ത് അയച്ചത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം വലിയ അളവില്‍ കുറയ്ക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആവശ്യം. ഇക്കാര്യം എത്രയും വേഗം സംഘടനക്കുള്ളില്‍ ചര്‍ച്ച ചെയ്യണം. തുടര്‍ന്ന് എല്ലാ സംഘടനകളും ഒന്നിച്ചിരുന്ന് അഭിപ്രായ സമന്വയത്തില്‍ എത്തണമെന്നും നിര്‍മ്മാതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. 

പ്രതിഫല കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. നിര്‍മ്മാണ ചെലവിന്‍റെ 60 ശതമാനവും അഭിനേതാക്കള്‍ക്കാണ് നല്‍കേണ്ടി വരുന്നതെന്നും അസോസിയേഷൻ പറയുന്നു. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് 5 മുതല്‍ 10 കോടി വരെയാണ് പ്രതിഫലം. മറ്റ് പ്രധാന നായക നടൻമാര്‍ക്ക് ഒരു കോടിക്ക് മുകളിലും. സിനിമയില്‍ നായകനൊപ്പം നില്‍ക്കുന്ന 10 ലേറെ വരുന്ന പ്രധാന സഹതാരങ്ങള്‍ മിക്കവരും 50 ലക്ഷത്തിന് മുകളിലും പ്രതിഫലം വാങ്ങുന്നവരാണ്. അങ്ങനെ ഒരു സിനിമയുടെ നിര്‍മ്മാണചെലവിന്‍റെ 60 ശതമാനവും പോകുന്നത് അഭിനേതാക്കള്‍ക്കാണ്. 

സംവിധായകൻ, ക്യാമറാമാന്‍, എഡിറ്റര്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ തുടങ്ങിയവര്‍ക്കായി 10 ശതമാനം തുക ചിലവാകും. കോടികളെറിഞ്ഞ് കോടികള്‍ വാരുന്ന സിനിമാലോകത്ത് ഈ തുകയെല്ലാം നല്‍കാൻ ഇത്രയും കാലം നിര്‍മ്മാതാക്കള്‍ തയ്യാറായിരുന്നു. മുടക്കുമുതലിന്‍റെ പകുതി കേരളത്തിലെ തീയേറ്റര്‍ റിലീസില്‍നിന്നും ശേഷിക്കുന്നവ വിദേശ റിലീസ് വഴിയും സാറ്റലൈറ്റ് റൈറ്റ് വഴിയും കിട്ടുമായിരുന്നു. എന്നാല്‍ കൊവിഡ് 19 ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നിര്‍മ്മാതാക്കളെ വല്ലാതെ ആശങ്കപ്പെടുത്തുന്നു. 

തീയേറ്ററുകള്‍ എന്ന് തുറക്കുമെന്ന് അറിയില്ല. തുറന്നാലും കൊവിഡ് ഭീതിയില്‍ എത്രത്തോളം ആളുകളെത്തുമെന്നതും സംശയമാണ്. ചാനലുകള്‍ നല്‍കുന്ന സാറ്റലൈറ്റ് തുകയില്‍ കുറവ് വരും. വിദേശത്തെയും ഇതര സംസ്ഥാനങ്ങളിലേയും തീയേറ്റര്‍ റിലീസ് വില്‍ക്കുന്നതിലൂടെയുള്ള വരുമാനവും കുറയും. ഈ സാഹചര്യത്തിലാണ് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നിര്‍മ്മാതാക്കള്‍ ഉയര്‍ത്തുന്നത്. പ്രധാന താരങ്ങള്‍ ചുരുങ്ങിയത് 25 ശതമാനവും സഹതാരങ്ങള്‍ 40 ശതമാനം വരെയെങ്കിലും പ്രതിഫലം കുറയ്ക്കണമെന്ന ആഗ്രഹമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പങ്കുവയ്ക്കുന്നത്.

Follow Us:
Download App:
  • android
  • ios