പുല്‍വാമയും തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധത്തിലുണ്ടായ ഉലച്ചിലുകളും പ്രശ്നങ്ങളും സിനിമകളായി എത്തുമെന്ന കാര്യം ഉറപ്പായി. പ്രധാന സംഭവങ്ങള്‍ അതേ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനാല്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ത്ത് പേരുണ്ടാക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് വന്‍ വിജയമാണ് ഇന്ത്യയില്‍ നേടിയത്. 200 കോടിയും കടന്ന കളക്ഷനുമായി കുതിച്ച ഉറി ഇപ്പോഴും തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പഠാന്‍കോട്ടിനും ഉറിക്കും ശേഷം ഇന്ത്യയും പാകിസ്ഥാനും വീണ്ടും യുദ്ധസമാനമായ അവസ്ഥിലൂടെ കടന്ന് പോകുമ്പോള്‍ സെെനിക സിനിമകളുടെ പേര് ഉറപ്പിക്കാനുള്ള മത്സരത്തിലാണ് ഇപ്പോള്‍ ബോളിവുഡ് നിര്‍മാതാക്കളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം, നിയന്ത്രണരേഖ കടന്ന ഇന്ത്യ നല്‍കിയ തിരിച്ചടി, അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ കസ്റ്റഡി തുടങ്ങിയ വിഷയങ്ങള്‍ ഇതിവൃത്തമാക്കി സിനിമകള്‍ എടുക്കാനുള്ള നീക്കങ്ങളാണ് ബോളിവുഡില്‍ നടക്കുന്നത്. ഇതിനായി നേരത്തെ തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള മത്സരമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുല്‍വാമ, ബാലക്കോട്ട്, അഭിനന്ദന്‍ എന്നീ പേരുകള്‍ക്ക് വേണ്ടിയാണ് കൂടുതല്‍ പേര്‍ മത്സരിക്കുന്നത്. ഇതോടെ പുല്‍വാമയും തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധത്തിലുണ്ടായ ഉലച്ചിലുകളും പ്രശ്നങ്ങളും സിനിമകളായി എത്തുമെന്ന കാര്യം ഉറപ്പായി. പ്രധാന സംഭവങ്ങള്‍ അതേ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനാല്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ത്ത് പേരുണ്ടാക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം യുദ്ധ സിനിമകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിരവധി അപേക്ഷകളാണ് ലഭിക്കുന്നതെന്ന് ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അധികൃതര്‍ പറഞ്ഞു. ടി സീരീസ് തുടങ്ങിയ വമ്പന്‍ നിർമാണ കമ്പനികള്‍ അടക്കം പേരുകള്‍ക്കായി രംഗത്തുണ്ട്.

പേര് രജിസ്റ്റർ ചെയ്യാനായി ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഫോം പൂരിപ്പിച്ച് നല്‍കുകയാണ് അദ്യം ചെയ്യേണ്ടത്. 250 രൂപ ജിഎസ്ടി സഹിതം ഫീസായി അടയ്ക്കുകയും വേണം.