ഹൈദരാബാദില്‍ ബേബി സിനിമയുടെ വിജയാഘോഷ ചടങ്ങിലാണ് സംഭവം നടന്നത്. ചടങ്ങിന് മുഖ്യാതിഥിയായി എത്തിയതായിരുന്നു അല്ലു അര്‍ജുന്‍.
ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ ബോക്സോഫീസ് വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2.
അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ സംഗീതം ദേവി ശ്രീ പ്രസാദാണ്.
ഈ ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഏറ്റവും പുതുതായി പുഷ്പ 2വിലെ മാസ് ഡയലോഗ് ഒരു വേദിയില്‍ ചിത്രത്തിലെ നായകനായ അല്ലു അര്‍ജുന്‍ തന്നെ പറഞ്ഞു എന്നതാണ്. പുഷ്പ സിനിമയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍റിലുകളിലൂടെ തന്നെ ഈ ഡയലോഗ് വൈറലാകുകയും ചെയ്തു.
ഹൈദരാബാദില്‍ ബേബി സിനിമയുടെ വിജയാഘോഷ ചടങ്ങിലാണ് സംഭവം നടന്നത്. ചടങ്ങിന് മുഖ്യാതിഥിയായി എത്തിയതായിരുന്നു അല്ലു അര്‍ജുന്‍. "ഞാൻ ഇവിടെ പുഷ്പ 2 നെക്കുറിച്ച് സംസാരിക്കാൻ വന്നതല്ല, പക്ഷേ സിനിമയിൽ നിന്ന് ഒരു വരി പറയാതിരിക്കാന്‍ സാധിക്കില്ല. എല്ലാം നടത്തുന്ന റൂള്‍ അതാണ് പുഷ്പ റൂള്‍" -വൈറലായ വീഡിയോയില്‍ തെലുങ്കില്‍ അല്ലു പറയുന്നു. എന്തായാലും അല്ലു ഫാന്‍സ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. പുഷ്പ 2 ഒരു മരണമാസ് പടമായിരിക്കും എന്നും മറ്റുമാണ് അല്ലു നല്‍കിയ സൂചന വച്ച് ഫാന്‍സിന്‍റെ സോഷ്യല്‍ മീഡിയ അഭിപ്രായം.
സലാര്‍, ലിയോ, കല്‍കി തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള സീക്വല്‍ ആണ് പുഷ്പ 2. ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത സിനിമ ഓഡിയോ റൈറ്റ്സ് ഇനത്തില്‍ നേടിയിരിക്കുന്ന തുക ഇപ്പോള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്.
പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ ഓഡിയോ റൈറ്റ്സില്‍ ഒരു ചിത്രം ഇതുവരെ നേടിയിട്ടുള്ളതില്‍ ഏറ്റവും വലിയ തുകയാണ് ഇത്. 65 കോടിയാണ് പുഷ്പ 2 ന് ലഭിച്ചിരിക്കുന്ന ഓഡിയോ റൈറ്റ്സ് തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡാനന്തര കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു പുഷ്‍പ 1. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിന്‍റെ പല ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷകപ്രീതിയാണ് നേടിയത്. വിശേഷിച്ചും ഹിന്ദി പതിപ്പ്. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
ഇത് മനസിലാക്കി ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. പുഷ്‍പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്.
'എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം'; മോഹന്‍ലാലിന്‍റെ ആശംസയ്ക്ക് മമ്മൂട്ടിയുടെ മറുപടി
റിലീസ് ആയതിന് പിന്നാലെ നോളന്‍റെ "ഓപ്പൺഹൈമർ" ചിത്രത്തിന് ഇരുട്ടടിയായി ആ വാര്‍ത്ത.!
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here
