കേരളത്തില്‍ 250 ലേറെ തിയറ്ററുകളിലാണ് ചിത്രത്തിന്‍റെ റിലീസ്

ടോളിവുഡില്‍ നിന്നുള്ള സമീപകാലത്തെ ഏറ്റവും വലിയ റിലീസ് ആണ് ഇന്ന് തിയറ്ററുകളിലെത്തുന്ന 'പുഷ്‍പ' (Pushpa). അല്ലു അര്‍ജുന്‍ (Allu Arjun) നായകനാവുന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ (Fahadh Faasil) തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയുമാണ്. മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ഈ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഉയര്‍ത്തിയ ഘടകം ഇതുകൂടിയാണ്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം എത്തുന്നത്. എന്നാല്‍ റിലീസ് ദിനത്തില്‍ കേരളത്തില്‍ മലയാളം പതിപ്പ് ഉണ്ടാവില്ലെന്ന വിവരം സിനിമാപ്രേമികളെ നിരാശരാക്കിയിട്ടുണ്ട്. കേരളത്തിലെ 250ലേറെ തിയറ്ററുകളില്‍ റിലീസ് ദിനമായ ഇന്ന് തമിഴ് പതിപ്പ് ആണ് പ്രദര്‍ശിപ്പിക്കുക. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് വിശദീകരിക്കുകയാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനര്‍ ആയ റസൂല്‍ പൂക്കുട്ടി (Resul Pookutty).

സമയക്കുറവിന്‍റേതായ സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യേണ്ടിവന്നതുമൂലം സംഭവിച്ച ഒരു പിഴവില്‍ നിന്നാണ് ഈ സ്ഥിതി ഉണ്ടായതെന്ന് റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചു. "സമയത്തിന്‍റേതായ സമ്മര്‍ദ്ദം ഉണ്ടായിരുന്നതിനാല്‍ പ്രിന്‍റിന് അയക്കുന്നതിനു മുന്‍പ് മിക്സിന്‍റെ ക്വാളിറ്റി കണ്‍ട്രോള്‍ നടത്താന്‍ ഞങ്ങള്‍ക്ക് സമയം കിട്ടിയില്ല. സിസ്റ്റത്തിലെ ഒരു ബഗ് കാരണം അത് സിങ്ക് പ്രശ്‍നങ്ങളിലേക്കും മറ്റു ചില ഓഡിയോ പ്രശ്‍നങ്ങളിലേക്കും നയിച്ചു. അതിനാലാണ് മലയാളം പതിപ്പ് വൈകിയത്. പ്രശ്‍നം ഞങ്ങള്‍ പരിഹരിച്ചു. പ്രിന്‍റുകള്‍ വൈകാതെ എത്തും. മിക്സ് ഫയല്‍സ് ഉണ്ടാക്കാനായി പുതിയതും വേഗമുള്ളതുമായ ഒരു രീതിയാണ് ഞങ്ങള്‍ അവലംബിച്ചിരുന്നത്. ഞങ്ങളുടെ പരീക്ഷണഫലങ്ങളൊക്കെ മികച്ചതുമായിരുന്നു. പക്ഷേ സോഫ്റ്റ്‍വെയറിലെ ഒരു ബഗ് മൂലം ഫൈനല്‍ പ്രിന്‍റില്‍ പ്രശ്‍നം കണ്ടെത്തുകയായിരുന്നു. അല്ലു അര്‍ജുന്‍റെയും രശ്‍മിക മന്ദാനയുടെയും ആരാധകര്‍ക്ക് സിങ്ക് ആവാത്ത ഒരു പ്രിന്‍റ് നല്‍കരുതെന്ന് ഞാന്‍ കരുതി. കാരണം അവര്‍ മികച്ചത് അര്‍ഹിക്കുന്നുണ്ട്", റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്‍തു.

Scroll to load tweet…

അതേസമയം കേരളത്തിലെ വിതരണക്കാരായ ഇ 4 എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് മലയാളം പതിപ്പ് ഒരു ദിവസം വൈകുന്നതില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. "എല്ലാ അല്ലു അര്‍ജുന്‍ ആരാധകരോടും, ആദ്യം നല്ല വാര്‍ത്ത പറയാം. നിങ്ങളുടെ പ്രിയ നായകന്‍റെ ചിത്രം പുഷ്‍പ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഡിസംബര്‍ 17ന് കേരളത്തിലെ തിയറ്ററുകളില്‍ എത്തും. തമിഴ് പതിപ്പാണ് എത്തുക. മലയാളം പതിപ്പ് സമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ ആത്മാര്‍ഥമായും ക്ഷമ ചോദിക്കുന്നു. ഒരു ദിവസത്തിനു ശേഷം 18-ാം തീയതി ശനിയാഴ്ച മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിക്കും. ഈ ചിത്രം നിങ്ങളെ വശീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്", എന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഇ 4 എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് പുറത്തിറക്കിയ കുറിപ്പ്.