ഡിസംബര്‍ 17ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

അല്ലു അര്‍ജുന്‍ (Allu Arjun) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ 'പുഷ്‍പ'യുടെ (Pushpa) ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ (Amazon Prime Video). നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതുപോലെ ജനുവരി 7ന് പ്രൈം വീഡിയോയില്‍ ചിത്രം എത്തും. തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ പതിപ്പുകളും ഒടിടിയിലൂടെ കാണാനാവും. രാത്രി 8 മണിക്കാണ് റിലീസ്. 

ടോളിവുഡില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു പുഷ്‍പ. പതിവിനു വിപരീതമായി ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവച്ച് ഒരു രക്തചന്ദനക്കടത്തുകാരന്‍റെ വേഷത്തിലാണ് അല്ലു ചിത്രത്തില്‍ എത്തിയത്. പ്രതിനായക കഥാപാത്രമായി മലയാളത്തിന്‍റെ ഫഹദ് ഫാസില്‍ എത്തുന്ന ചിത്രം എന്ന നിലയിലും പുഷ്‍പ ശ്രദ്ധ നേടിയിരുന്നു. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറായാണ് ഫഹദ് എത്തിയത്. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രവുമാണ് ഇത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യഭാഗമാണ് ഡിസംബര്‍ 17ന് തിയറ്ററുകളില്‍ എത്തിയത്.

Scroll to load tweet…

റിലീസിനു മുന്‍പ് സൃഷ്‍ടിക്കപ്പെട്ട വന്‍ ഹൈപ്പിനോട് നീതി പുലര്‍ത്തിയില്ല എന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് ആദ്യദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതെങ്കിലും ബോക്സ് ഓഫീസില്‍ വീണില്ല എന്നു മാത്രമല്ല മികച്ച നേട്ടമുണ്ടാക്കുകയും ചെയ്‍തു ചിത്രം. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ റിലീസുകളില്‍ ഏറ്റവും വലിയ ഗ്രോസ് നേടിയ ചിത്രം ഇതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിക്കു മുകളില്‍ ചിത്രം ഇതിനകം നേടിയിട്ടുണ്ട്. സുകുമാര്‍ സംവിധാനം ചെയ്‍ച ചിത്രത്തിന്‍റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സും മുട്ടംസെട്ടി മീഡിയയും സംയുക്തമായിട്ടായിരുന്നു. രണ്ടാംഭാഗം ഈ വര്‍ഷം തിയറ്ററുകളിലെത്തും.