പുഷ്‍പ ദി റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പുഷ്പ 2'. അല്ലു അർജുൻ നായകനായി എത്തിയ ചിത്രത്തിന്റെ ആദ്യഭാ​ഗം ബോക്സ് ഓഫീസിലും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടിയിരുന്നു. പുഷ്പയിൽ അല്ലു അർജുനൊപ്പം തന്നെ തകർത്തഭിനയിച്ച് മലയാളി താരം ഫഹദ് ഫാസിലും തിളങ്ങി. ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ഫഹദ് അഭിനയിച്ചത്. എന്നാൽ പുഷ്പ രണ്ടാം ഭാഗത്തിൽ ഫഹദ് ഫാസിലിന് പകരം ഈ വേഷം ചെയ്യുന്നത് ബോളിവുഡ് താരം അർജുൻ കപൂർ ആയിരിക്കുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഈ അവസരത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നിർമ്മാതാവ് നവീൻ യേർനേനി. 

പുഷ്പ രണ്ടാം ഭാഗത്തിൽ അർജുൻ കപൂർ ഇല്ലെന്നും ഫഹദ് തന്നെയാകും ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് ആയി എത്തുകയെന്നും നവീൻ യേർനേനി വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ മാസം അവസാനത്തോടെ നടക്കുമെന്നും അദ്ദേഹം പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം, പുഷ്പയിലെ 'ഉ അണ്ടവാ' പാട്ട് പോലൊരു ​ഗാനരം​ഗം രണ്ടാം ഭാ​ഗത്തിലും ഉണ്ടാകുമെന്നും എന്നാൽ ഇത്തവണ സാമന്ത അല്ല ഡാൻസ് ചെയ്യുകയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സാമന്തയ്ക്ക് പകരം ബോളിവുഡ് നടി മലൈക അറോറയായിരിക്കും ചിത്രത്തിൽ എത്തുകയെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു. ചിത്രത്തിൽ വിജയ് സേതുപതി ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുഷ്പയില്‍ ഒരു ഫോറസ്റ്റ് ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സുകുമാര്‍ സേതുപതിയെ സമീപിച്ചിരുന്നുവെങ്കിലും അത് നടക്കാതെ പോയിരുന്നു. 

മലയാളികൾ നെഞ്ചേറ്റിയ 'റോഷാക്ക്'; മമ്മൂട്ടിയെ കണ്ട് സന്തോഷം പങ്കിട്ട് സംവിധായകനും കൂട്ടരും

പുഷ്‍പ ദി റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. രശ്മിക മന്ദാനയാണ് അല്ലു അർജുന്റെ നായികയായി എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. 2023 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.

കഴിഞ്ഞ ഡിസംബർ 29ന് റിലീസ് ചെയ്ത പുഷ്പ, പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ ചിത്രത്തിലെത്തിയത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമായിരുന്നു അല്ലു അർജുൻ ചിത്രത്തിൽ എത്തിയത്. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്. മലയാളവും തമിഴും അടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.