മമ്മൂട്ടിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എ കെ സാജന്‍റെ സംവിധാനത്തില്‍ 2016ല്‍ പുറത്തെത്തിയ 'പുതിയ നിയമം' ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. റിലയന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റും ബോളിവുഡിലെ പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ നീരജ് പാണ്ഡെയും ചേര്‍ന്നാണ് നിര്‍മ്മാണം. മമ്മൂട്ടിയും നയന്‍താരയും മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുക താരദമ്പതികള്‍ ആയിരിക്കുമെന്ന് നടനും നിര്‍മ്മാതാവുമായ അരുണ്‍ നാരായണ്‍ അറിയിച്ചു.

ചിത്രത്തിന്‍റെ ഹിന്ദി റീമേക്കുമായി ബന്ധപ്പെട്ട് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. താരങ്ങളെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ചുള്ള പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് അറിയുന്നു. 

എ കെ സാജന്‍ തന്നെ രചനയും നിര്‍വ്വഹിച്ച ചിത്രത്തില്‍ അഡ്വ. ലൂയിസ് പോത്തന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ ഭാര്യ വാസുകി അയ്യര്‍ ആയിരുന്നു നയന്‍താരയുടെ കഥാപാത്രം. ഷീലു എബ്രഹാം, എസ് എന്‍ സ്വാമി, രചന നാരായണന്‍കുട്ടി, റോഷന്‍ മാത്യു, അജു വര്‍ഗീസ്, പ്രദീപ് തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു. ജിയോ എബ്രഹാമും പി വേണുഗോപാലും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.