പൊങ്കൽ റിലീസായി എത്തുന്ന വിജയ്‌യുടെ 'ജന നായകൻ', ശിവകാർത്തികേയന്റെ 'പരാശക്തി' എന്നീ ചിത്രങ്ങളുടെ ക്ലാഷ് റിലീസിനെക്കുറിച്ച് ശിവകാർത്തികേയൻ പ്രതികരിച്ചു.

തമിഴിൽ റിലീസിനൊരുങ്ങുന്ന രണ്ട് പ്രധാന ചിത്രങ്ങളാണ് വിജയ് നായകനായി എത്തുന്ന ജന നായകനും, ശിവ കാർത്തികേയൻ ചിത്രം പരാശക്തിയും. ജനുവരി 9 ന് പൊങ്കൽ റിലീസായി ജന നായകൻ എത്തുമ്പോൾ തൊട്ടടുത്ത ദിവസമാണ് പരാശക്തി എത്തുന്നത്. എച്ച് വിനോദ് ആണ് വിജയ്‌യുടെ അവസാന ചിത്രമായ ജന നായകൻ സംവിധാനം ചെയ്യുന്നത്. അതേസമയം സുധ കൊങ്കരയാണ് പരാശക്തി ഒരുക്കുന്നത്. ക്ലാഷ് റിലീസ് ആയതുകൊണ്ട് തന്നെ വാലിൽ രീതിയിലുള്ള ചർച്ചകളാണ് ഇതിനുപിന്നാലെ രൂപപ്പെട്ടിട്ടുള്ളത്. ജനുവരി 14 ന് റിലീസ് ചെയ്യാനിരുന്ന പരാശക്തി ജനുവരി പത്തിലേക്ക് മാറ്റിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നിൽ ഡിഎംകെ ആണെന്ന ആരോപണവും ശക്തമായിരുന്നു. എന്നാൽ ഇപ്പോഴിതാ ജന നായകൻ- പരാശക്തി ക്ലാഷ് റിലീസുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ശിവ കാർത്തികേയൻ

രണ്ട് സിനിമകളും പൊങ്കലിന് റിലീസ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും, റിലീസ് മാറ്റാൻ താൻ നിർമ്മാതാവിനെ വിളിച്ചുവെന്നും ശിവ കാർത്തികേയൻ പറയുന്നു. മുപ്പത്തിമൂന്ന് വർഷമായി നമ്മെ വിസ്മയിപ്പിച്ച മനുഷ്യനാണ് വിജയ് എന്നും, എല്ലാവരും ജനുവരി ഒൻപതിന് ജന നായകൻ കാണൂവെന്നും ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.

"രണ്ട് സിനിമകളും പൊങ്കലിന് റിലീസ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞങ്ങളുടെ നിർമ്മാതാവിനെ വിളിച്ച് റിലീസ് തീയതി മാറ്റാൻ കഴിയുമോ എന്ന് ഞാൻ ചോദിച്ചു. എന്നാൽ ചിത്രത്തിനു വേണ്ടി പണം നിക്ഷേപിച്ചവരോട് ‘പരാശക്തി’ പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അതിനോടകം അറിയിച്ചിരുന്നു. കൂടാതെ, 2026 വേനൽക്കാലത്തേക്ക് മാറ്റിയാൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കാരണം റിലീസ് ബുദ്ധിമുട്ടാകുകയും ചെയ്യും." അദ്ദേഹം പറഞ്ഞു. വിജയ്‌യുടെ മാനേജർ ജഗദീഷിനെയും വിളിച്ച് പ്രശ്നം പരിഹരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു." ശിവകാർത്തികേയൻ പറയുന്നു.

“പൊങ്കലിന് രണ്ട് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിൽ എന്താണ് പ്രശ്നമെന്ന് വിജയ്‌യുടെ മാനേജർ ചോദിച്ചു. നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടാകില്ല, പക്ഷേ എന്റെ സിനിമയ്ക്ക് ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞു. കാരണം 'ജന നായകൻ' വിജയ് സാറിന്റെ അവസാന ചിത്രമായിട്ടാണ് പ്രൊമോട്ട് ചെയ്യുന്നത്. അദ്ദേഹത്തോട് ഇതിനെക്കുറിച്ച് ചോദിക്കാമോ എന്ന് ചോദിച്ചിരുന്നു. വിജയിയുമായി സംസാരിച്ച ശേഷം ജഗദീഷ് തിരികെ വിളിച്ചിരുന്നു. ഇത് പൊങ്കൽ ആയതു കൊണ്ട് രണ്ട് ചിത്രങ്ങൾക്കും റിലീസ് ചെയ്യാൻ കഴിയുമെന്നും ബോക്സ് ഓഫീസിൽ പരസ്പരം ബാധിക്കില്ലെന്നും വിജയ് സാർ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പരാശക്തിക്ക് സാർ എല്ലാവിധ ആശംസകളും അറിയിച്ചിട്ടുണ്ട്. 33 വർഷമായി നമ്മെ വിസ്മയിപ്പിച്ച മനുഷ്യനാണ്. എല്ലാവരും ജനുവരി 9ന് ജന നായകൻ ആസ്വദിക്കൂ, ശേഷം ജനുവരി 10 ന് പരാശക്തി കാണാൻ വരൂ." ശിവകാർത്തികേയൻ പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ശിവകാർത്തികേയന്റെ പ്രതികരണം.

YouTube video player