മനു വര്‍ഗീസും ജിതിനും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ക്വാറന്റൈൻ ഒരു പ്രവാസിക്കഥ എന്ന മനോഹരമായ ഷോര്‍ട് ഫിലിം കാണാം.

കൊവിഡ് കാലമാണ്. ക്വാറന്റൈനിലാണ്. പുറത്തിറങ്ങാനാകാത്തതിന്റെ ആകുലതകളുണ്ട്. കേരളത്തില്‍ എത്തിയ ഓരോ പ്രവാസിയെയും ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ വിട്ടിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ കേരളം കൊവിഡ് പ്രതിരോധത്തില്‍ മാതൃകയുമായി. ഇപ്പോഴിതാ പ്രവാസികള്‍ എങ്ങനെയാണ് ഇക്കാലത്തെ നോക്കിക്കാണുന്നത് എന്ന് വ്യക്തമാക്കി ഒരു ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. ക്വാറന്റൈൻ ഒരു പ്രവാസിക്കഥ എന്ന പേരിലാണ് ഷോര്‍ട് ഫിലിം എത്തിയിരിക്കുന്നത്.

കുഞ്ഞുണ്ടായി കാണാൻ നാട്ടിലെത്തിയ പ്രവാസിയുടെ കഥയാണ് ചിത്രം പറയുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുതന്നെയാണ് ചിത്രീകരണം. മികച്ച പ്രതികരണമാണ് ഷോര്‍ട് ഫിലിമിന് ലഭിക്കുന്നത്. ഡയലോഗുകളും ആഖ്യാനവും വേറിട്ടുനില്‍ക്കുന്നു. ഒറ്റൊരാള്‍ കഥാപാത്രമാണെങ്കിലും അതിന്റെ ചടുപ്പ് അനുഭവപ്പെടുത്താതെ ചടുലമായിട്ടുള്ളതാണ് ആഖ്യാനം. ഷോര്‍ട് ഫിലിമിന് ക്യാമറ നല്‍കിയ പരിചരണവും ഒറ്റയാള്‍ കഥാപാത്രമാകുമ്പോഴുണ്ടായേക്കാവുന്ന ഇഴച്ചിലിനെ മറികടക്കുന്നു. കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിലെ മേന്മയാണ് ഷോര്‍ട് ഫിലിമില്‍ എടുത്തുപറയുന്നത്. അമേരിക്കയില്‍ ഒക്കെ ഒരുപാട് മലയാളികള്‍ കൊവിഡിനെ തുടര്‍ന്ന് മരിക്കുന്നു. അവര്‍ കേരളത്തില്‍ ആയിരുന്നെങ്കില്‍ എങ്ങനെയെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയേനെ എന്നും പറയുന്നു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുന്നുണ്ട്. ജിതിൻ കൊച്ചിത്രയും മനു വര്‍ഗീസും ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. ജിതിൻ അഭിനയിച്ചിരിക്കുന്നു. രാഹുല്‍ അമ്പാടിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് അബി ജെ.