"ഞാന്‍ ഒരു നടനാണ്. ഒരുപാട് ആളുകള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലുമൊക്കെയായി എനിക്ക് മെസേജ് അയക്കാറുണ്ട്"
പഴയ കാലത്തേത് പോലെയല്ല, സിനിമാ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളോട് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് ആശയവിനിമയം നടത്താവുന്ന കാലമാണിത്. ആരാധകരുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിന് പലരും അത് ചെയ്യാറുമുണ്ട്. എന്നാല്‍ സമീപകാലത്ത് തന്‍റെ ഒരു ഇന്‍സ്റ്റഗ്രാം ചാറ്റ് പ്രചരിക്കപ്പെട്ടതുമൂലം നേരിട്ട വിമര്‍ശനത്തെക്കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ആര്‍ മാധവന്‍.
ഇന്‍സ്റ്റഗ്രാം ചാറ്റില്‍ മാധവന്‍ തനിക്ക് മറുപടി നന്നതിന്‍റെ സ്ക്രീന്‍ ഷോട്ട് ഒരു ആരാധികയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. എന്നാല്‍ മാധവന്‍ ആരാധികമാരോട് മാത്രമേ പ്രതികരിക്കൂ എന്ന തരത്തില്‍ അത് വ്യാഖ്യാനിക്കപ്പെട്ടു. പെണ്‍കുട്ടികളോട് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്യുന്നത് പതിവാണെന്നും. ഇപ്പോഴിതാ താന്‍ നേരിട്ട മോശം പ്രചരണത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം.
"ഞാന്‍ ഒരു നടനാണ്. ഒരുപാട് ആളുകള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലുമൊക്കെയായി എനിക്ക് മെസേജ് അയക്കാറുണ്ട്. ഒരിക്കല്‍ ഒരു പെണ്‍കുട്ടി എനിക്ക് ഇതേപോലെ മെസേജ് അയച്ചു. സിനിമ ഞാന്‍ കണ്ടെന്നും ഏറെ ഇഷ്ടമായെന്നും താങ്കള്‍ ഗംഭീര നടനാണെന്നും താങ്കള്‍ എന്നെ പ്രചോദിപ്പിച്ചെന്നുമൊക്കെ പറഞ്ഞുകൊണ്ട്. ഹൃദയത്തിന്‍റെയും ചുംബനങ്ങളുടെയുമൊക്കെ ഇമോജികളും ഒപ്പം ഉണ്ടായിരുന്നു. ഇത്രയും സൂക്ഷ്മമായി എന്‍റെ വര്‍ക്കിനെക്കുറിച്ച് പറയുന്ന ഒരു ഫാനിനോട് എനിക്ക് പ്രതികരിച്ചേ പറ്റൂ", മാധവന്‍ പറയുന്നു.
"നന്ദിയുണ്ടെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നുമാണ് ഞാന്‍ മറുപടി നല്‍കിയത്. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് ആ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെത്തന്നെ പങ്കുവച്ചിരുന്നു. അതില്‍ ആളുകള്‍ കാണുന്നത് കുറച്ച് ലവ് ഇമോജികള്‍ക്ക് മാധവന്‍ റിപ്ലൈ കൊടുക്കുന്നതാണ്. ഒരു മസേജിനാണ്, അല്ലാതെ ഇമോജികള്‍ക്കല്ല ഞാന്‍ മറുപടി കൊടുത്തത്", തെറ്റിദ്ധരിക്കപ്പെടാതിരിക്കാനായി സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് മാധവന്‍ പറയുന്നു. തന്‍റെ അത്രയും പരിചയമില്ലാത്ത ഒരാള്‍ക്ക് എത്രമാത്രം പ്രയാസമാവും ഇത്തരത്തില്‍ ഒരു പ്രചരണം ഉണ്ടാക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ബെംഗളൂരുവില്‍ ഒരു ആപ്പ് പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മാധവന്‍.
ALSO READ : ഗോൾഡൺ സാരിയിൽ ട്രഡീഷണലായി മൻസി; വിവാഹചിത്രങ്ങൾ വൈറൽ
