Asianet News MalayalamAsianet News Malayalam

Korean Drama review : ഇഷ്‍ടം കൂടുന്ന 'റാക്കറ്റ് ബോയ്സ്'- കെ ഡ്രാമ റിവ്യു

'റാക്കറ്റ് ബോയ്സ്' എന്ന കൊറിയന്‍ ഡ്രാമയുടെ റിവ്യു (Korean Drama review).

 

Racket Boys Korean drama review
Author
Kochi, First Published Aug 5, 2022, 5:31 PM IST

കായികപ്രേമികൾക്ക് മാത്രമല്ല സിനിമാപ്രേമികൾക്കും പ്രിയപ്പെട്ട വിഷയാണ് സ്പോർട്സ്. മത്സരത്തിലെ പരീക്ഷണങ്ങൾ, തർക്കങ്ങൾ, തീരെ പ്രതീക്ഷ  കൽപ്പിക്കാത്തവരുടെ വിജയം, കോച്ചിന്റെ വാശി, ടീം അംഗങ്ങൾ തമ്മിലുള്ള വാശി, ടീമിന്റെ ചങ്ങാത്തം അങ്ങനെ അങ്ങനെ  സിനിമാറ്റിക് ചേരുവയിൽ ചേരുംപടി ചേരുന്ന ഒട്ടേറെ ഘടകങ്ങളുണ്ട് കായികമത്സരങ്ങളുടെ കാര്യത്തിൽ. അത്തരമൊരു പ്രമേയമാണ് 'റാക്കറ്റ് ബോയ്സ്' എന്ന കെ ഡ്രാമ പറയുന്നത് (Korean Drama review).

ചില സാമ്പത്തികബുദ്ധിമുട്ടുകളും ജോലിമാറ്റവും കാരണം സോളിലെ തിരക്കുകളിൽ നിന്ന് ഹേയ്നം എന്ന ഉൾനാടൻ ഗ്രാമത്തിലേക്ക് ജീവിതം പറിച്ചുനടുകയാണ് Yoon Hyun Jong എന്ന ബാഡ്മിന്റൺ കോച്ച്. രണ്ട് മക്കളും കൂടെയുണ്ട്. ഇളയമകൾ നഴ്സറിക്കാരിയാണ്. മൂത്തമകൻ കുട്ടിക്കാലത്ത് അറിയപ്പെടുന്ന ബാഡ്മിന്റൺ താരമായിരുന്നു. പിന്നെ ബേസ് ബോളിലേക്ക് താത്പര്യം മാറി. Yoon Hae Kangന് ഗ്രാമവും അവിടത്തെ സ്കൂളും അച്ഛൻ പരിശീലിപ്പിക്കുന്ന കുട്ടികളും ഒന്നും ആദ്യം അത്ര പിടിച്ചില്ല. അച്ഛൻ പരിശീലിപ്പിക്കുന്ന കുട്ടികളും ഒപ്പം അമ്മ പരിശീലിപ്പിക്കുന്ന പെൺകുട്ടികളും കൂടി അവരുടെ വീട്ടിൽ താമസത്തിന് എത്തുന്നു. എല്ലാവരും കൂടിയുള്ള താമസവും പരിശീലനവും  ഹേയ്നം ഗ്രാമത്തിന്റെ ജീവിതത്തിന്റെ താളത്തിനൊപ്പം ചേരുന്നു.

Racket Boys Korean drama review

ഹേയ്നം  സ്കൂളിലെ പ്രധാന കളിക്കാർ മൂന്ന് പേരാണ്. ക്യാപ്റ്റൻ Bang Yoon-dam സുന്ദരനാണ്. സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. അച്ഛനും അമ്മയും ഇളയ സഹോദരൻമാരുമൊക്കെ ബാങിന്റെ കടുത്ത ആരാധകരും ഉത്സാഹകമ്മിറ്റിയുമാണ്. Na Woo-chan കൂട്ടത്തിലെ പക്വമതിയാണ്. തന്റെ ദൗർബല്യങ്ങളറിഞ്ഞ് കളി മെച്ചപ്പെടുത്തുന്ന താരം. കൂട്ടത്തിലെ കുഞ്ഞാവയാണ് Lee Yong-tae. വർത്തമാനം നിർത്തില്ല. ലീ യോങ് ഡേ എന്ന താരത്തിന്റെ കടുത്ത ആരാധകൻ. ഇക്കൂട്ടത്തിലേക്ക് വൈകിയെത്തുന്ന താരമാണ് സ്കൂളിലെ പഠിപ്പിസ്റ്റ് Jeong In-sol. പ്രദേശത്തെ വിഐപിയുടെ മകൻ. എതിർകളിക്കാരുടെ മാച്ച് വിശകലനം ചെയ്ത് തന്ത്രങ്ങൾ ഒരുക്കാൻ മിടുക്കൻ. ബാഡ്മിന്റൺ ടീമിന്റെ സൗഹൃദവലയമാണ് ഇൻസോളിനെ ഏറ്റവും ആകർഷിക്കുന്നത്. ഇവർക്കൊപ്പം ചേരുന്ന വനിതാതാരങ്ങൾ രണ്ടുപേരാണ്. Han Se-yoon മികച്ചകളിക്കാരിയാണ്. ദേശീയടീമിൽ ഏറ്റവുംകുറഞ്ഞ പ്രായത്തിലെത്തുക എന്നതാണ് സ്വപ്നം. ഹാൻ സിയൂണിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും ഡബിൾസ് പാർട്ണറുമാണ് Lee Han-sol.  ഇവരെല്ലാവരും ഇവർക്കൊപ്പം ചേരുന്ന Yoon Hae Kangനും. ഇവരുടെ സൗഹൃദവും സ്വയം തിരിച്ചറിയലും വളർച്ചയും മത്സരത്തിനുള്ള കഠിനാധ്വാനവും സ്വപ്നങ്ങളും എല്ലാമാണ് 'റാക്കറ്റ് ബോയ്സ്' സീരീസിന്റെ ഹൃദയം. Tang Jun-sang ,  Son Sang-yeon ,  Choi Hyun-wook , Kim Kang-hoon,   Kim Min-gi a, Lee Jae-in, Lee Ji-won എന്നീ കുട്ടിത്താരങ്ങൾ അതിഗംഭീരമായാണ് അഭിനയിച്ചിരിക്കുന്നത്. ബാഡ്മിന്റൺ മത്സരത്തിന് വേണ്ടി എല്ലാവരും നല്ല പരിശീലനം നടത്തിയിട്ടുണ്ട് എന്നതും വ്യക്തം.

Racket Boys Korean drama review

Yoon Hae Kangന്റെ അച്ഛനും അമ്മയും കളിക്കാരെന്ന നിലയിലും പരിശീലകരെന്ന നിലയിലും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന വിജയചരിത്രമുള്ളവരാണ്. ഇവരുടെ ബന്ധവും കുട്ടികളുമായുള്ള ആശയവിനിമയവും സീരിസിൽ നല്ല മുഹൂർത്തങ്ങളാണ്. ഒപ്പം ബാഡ്മിന്റൺ പരിശീലനരംഗത്തെ അഴിമതിയും കോച്ചുമാരുടെ പീഡനവും മത്സരത്തിന്റെ വാശിയും എല്ലാം പരന്പര പറഞ്ഞുപോകുന്നു. ഹേയ്നം ഗ്രാമത്തിലെ പാടവും കുന്നും കയ്യടക്കാനെത്തുന്ന നഗരശക്തിയും അവരെ ചെറുത്തുതോൽപ്പിക്കുന്ന ഗ്രാമീണരും ബാഡ്മിന്റണൊപ്പം പരമ്പര പറയുന്ന കഥയാണ്. നഗരത്തിലെ മത്സരത്തിന്റെ ദയാരാഹിത്യവും ഗ്രാമത്തിന്റെ ലാളിത്യത്തിന്റെ ആശ്വാസവും 'റാക്കറ്റ് ബോയ്സ്' കാണിച്ചുതരുന്നു. മത്സരത്തിനൊരുങ്ങുന്ന കുട്ടികൾക്ക് ഗ്രാമം നൽകുന്ന പിന്തുണ ഏതൊരു പ്രേക്ഷകന്റെ ഉള്ളിലും സന്തോഷമെത്തിക്കും.

മുതിർന്നവരുടെ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നവരിൽ ഏറെയും കെ ഡ്രാമ രംഗത്തെ പരിചിതമുഖങ്ങളാണ്. ആമുഖം വേണ്ടാത്തവർ. പ്രധാനവേഷങ്ങളിലെത്തുന്ന കൗമാരതാരങ്ങൾക്ക് നല്ല പിന്തുണ നൽകുന്നവർ. അതുകൊണ്ടു തന്നെ മത്സരത്തിനൊരുങ്ങുന്ന കുട്ടികളുടെ സമ്മർദവും അവരുടെ സൗഹൃദവും അവരുടെ പരസ്പരപിന്തുണയും മുതിർന്നവരുടെ ലോകത്തെ ആശങ്കകളും മത്സരവും വെല്ലുവിളികൾ നേരിടുമ്പോഴുള്ള ഐക്യവും എല്ലാം നമുക്ക് അനുഭവിച്ചറിയാനാകും. കഥാപാത്രങ്ങൾ ഓരോരുത്തരേയും നമുക്ക് അടുത്തറിയാവുന്നതു പോലെ തോന്നും. നമ്മളെ തന്നെ അല്ലെങ്കിൽ നമുക്കറിയാവുന്നവരെ തന്നെ ഓർമിപ്പിക്കുന്ന ഈ സന്തോഷവും സംതൃപ്തിയുമാണ് 'റാക്കറ്റ് ബോയ്സി'ന്റെ ഏറ്റവും വലിയ വിജയം.

Read More : കൗമാര പ്രണയത്തിന്റെ പര്യായമായി മാറിയ 'ബോയ്‍സ് ഓവർ ഫ്ലവേഴ്‍സ്'- റിവ്യു

Follow Us:
Download App:
  • android
  • ios