ഈ മാസം 14ന് എത്തേണ്ടിയിരുന്ന ചിത്രം

കൂടുതല്‍ സംസ്ഥാനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയും ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ തുടങ്ങുകയാണ്. ദില്ലിയില്‍ സിനിമാ തിയറ്ററുകള്‍ അടയ്ക്കുകയും മറ്റു പല സംസ്ഥാനങ്ങളും 50 ശതമാനം പ്രവേശനം എന്ന നിബന്ധന കര്‍ശനമാക്കിയിട്ടുമുണ്ട്. പല സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂ കൂടി പ്രഖ്യാപിച്ചതോടെ സെക്കന്‍ഡ് ഷോയും മുടങ്ങുന്ന അവസ്ഥയായതോടെ പല വന്‍ ചിത്രങ്ങളും റിലീസ് നീട്ടുകയാണ്. പ്രഭാസ് (Prabhas) നായകനാവുന്ന ബഹുഭാഷാ ചിത്രം 'രാധെ ശ്യാം' (Radhe Shyam) ആണ് ഏറ്റവുമൊടുവിലായി റിലീസ് നീട്ടിയിരിക്കുന്നത്.

റിലീസ് നീട്ടാതെയിരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമം നടത്തിയെന്നും എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു തീരുമാനം അനിവാര്യമായിരിക്കുകയാണെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 'സാഹൊ'യ്ക്കു ശേഷം പ്രഭാസിന്‍റേതായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 14ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.

Scroll to load tweet…

ദില്ലിയിലാണ് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീതിയില്‍ വരുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഏറ്റവുമാദ്യം സിനിമാ തിയറ്ററുകള്‍ അടച്ചത്. പിന്നാലെ ഷാഹിദ് കപൂര്‍ നായകനായ ബോളിവുഡ് ചിത്രം ജേഴ്സി റിലീസ് മാറ്റി. രാജമൗലിയുടെ ആര്‍ആര്‍ആര്‍, അക്ഷയ് കുമാര്‍ നായകനാവുന്ന പൃഥ്വിരാജ് എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളും പുതിയ സാഹചര്യം പരിഗണിച്ച് റിലീസ് നീട്ടിയിട്ടുണ്ട്. തമിഴ് ചിത്രം വലിമൈയുടെ റിലീസ് നീട്ടിയേക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. എന്നാല്‍ ഇക്കാര്യത്തില് ഔദ്യോഗിക വിശദീകരണം എത്തിയിട്ടില്ല. അതേസമയം ഒറ്റ ദിവസം കൊണ്ട് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 56 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 58,000 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത്.