കാന്‍സര്‍ ബാധിച്ച് മരിച്ച പ്രശസ്ത പിന്നണി ഗായിക രാധികാ തിലകിന് ആദരമര്‍പ്പിച്ച് മകളുടെ സംഗീത വീഡിയോ. രാധികാ തിലകിന്‍റെ ശബ്ദത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ മായാമഞ്ചലില്‍, കാനനക്കുയിലേ, ദേവസംഗീതം നീയല്ലേ എന്നീ ഗാനങ്ങളാണ് രാധികയുടെ മകള്‍ ദേവിക സുരേഷും ഗായിക ശ്വേത മോഹനും ചേര്‍ന്ന് പുനരാവിഷ്കരിച്ചിരിക്കുന്നത്. 

ശ്വേത മോഹന്‍റെ നിര്‍മ്മാണത്തില്‍ ദേവിക സുരേഷാണ് വീഡിയോയില്‍ രാധികയുടെ പാട്ടുകള്‍ പാടിയിരിക്കുന്നത്.  സംഗീതം പഠിച്ചിട്ടില്ലാത്തതിനാല്‍ ചെയ്യാന്‍ മടിയുണ്ടായിരുന്നു. സംഗീതം തന്‍റെ മേഖലയായല്ല താന്‍ കണ്ടിരുന്നതെന്നും വീഡിയോയിലെ കുറിപ്പില്‍ ദേവിക വിശദമാക്കുന്നു. കൊവിഡ് വ്യാപനം മൂലമുള്ള ലോക്ക്ഡൌണില്‍ വീട്ടിലിരുന്നാണ് ദേവിക വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. അഞ്ച് മിനിറ്റും 24 സെക്കന്‍റും ദൈര്‍ഘ്യമുള്ള സംഗീത വീഡിയോയ്ക്ക്  ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

 

2015 സെപ്തംബര്‍ 20നാണ് രാധിക തിലക് അന്തരിച്ചത്. കാന്‍സര്‍ ബാധിച്ച് ഒന്നര വര്‍ഷത്തോളം ചികിത്സയിലായിരുന്ന രാധിക 45ാം വയസിലാണ് അന്തരിച്ചത്.  ലളിതഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ  രാധിക തിലക് 60ല്‍ അധികം സിനിമാ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.