രാഷ്ട്രീയത്തിൽ സജീവമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് തമിഴ് ചലച്ചിത്രതാരം രാഘവ ലോറൻസ്
രാഷ്ട്രീയ പ്രവേശനത്തിനുള്ള ആഗ്രഹം പങ്കുവച്ച് തമിഴ് ചലച്ചിത്രതാരം രാഘവ ലോറന്‍സ്. ജീവിതത്തിലെ ഒരു പ്രധാന തീരുമാനം 11 ന് പ്രഖ്യാപിക്കുമെന്ന് ലോറന്‍സ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപനം ഇന്ന് രാവിലത്തേക്ക് മാറ്റുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം അറിയിച്ചിരിക്കുന്നത്. അതിന് മുന്‍പായി ജനാഭിപ്രായം തേടുന്ന തരത്തിലാണ് വീഡിയോ. താന്‍ രാഷ്ട്രീയത്തിലേക്ക് വരണമോ എന്ന ചോദ്യത്തിന് വേണം, അല്ലെങ്കില്‍ വേണ്ട എന്ന് ജനങ്ങള്‍ക്ക് കമന്‍റ് ചെയ്യാമെന്നും അതനുസരിച്ചാവും തന്‍റെ നീക്കമെന്നും രാഘവ ലോറന്‍സ് വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ പ്രവേശനത്തിനുള്ള ആഗ്രഹം എന്തുകൊണ്ടെന്ന് വ്യക്തമാക്കിയുള്ള വീഡിയോയ്ക്ക് 18 മിനിറ്റിലധികം ദൈര്‍ഘ്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ താന്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് ലോറന്‍സ് വീഡിയോ ആരംഭിക്കുന്നത്. തനിക്ക് വിശ്വാസമുള്ള, അടുപ്പമുള്ള ഒരാള്‍ രാഷ്ട്രീയത്തിലേക്ക് വന്നാല്‍ ഒപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ് താന്‍ മുന്‍പ് ആഗ്രഹിച്ചിരുന്നതെന്ന് നേരത്തെ പുറത്തുവിട്ട കുറിപ്പില്‍ ലോറന്‍സ് പറഞ്ഞിരുന്നു. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരുമെന്ന വാര്‍ത്തകള്‍ വന്ന സമയത്ത് രാഷ്ട്രീയ പ്രവേശനം താന്‍ ആഗ്രഹിച്ചുവെന്ന് വീഡിയോയില്‍ അദ്ദേഹം പറയുന്നു. “എന്നാല്‍ അമ്മയ്ക്ക് അതിനോട് എതിര്‍പ്പ് ഉണ്ടായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഒരിക്കലും പോവരുതെന്നും പണം കൊടുത്താല്‍ മാത്രമേ വോട്ട് ലഭിക്കൂ എന്ന് പറഞ്ഞ് അമ്മ നിരുത്സാഹപ്പെടുത്തി. പിന്നീട് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോഴും അമ്മയോട് ഈ ആഗ്രഹം പറഞ്ഞു. പഴയ മറുപടി തന്നെയാണ് അമ്മ പറഞ്ഞത്. എന്നാല്‍ മത്സരഫലം എന്നെ ആഹ്ളാദിപ്പിച്ചു. വരേണ്ടവര്‍ വന്നാല്‍ ജനം വോട്ട് ചെയ്യുമെന്ന് അമ്മയോട് ഞാന്‍ പറഞ്ഞു. ഒടുവില്‍ അമ്മയും അനുകൂലമായി പ്രതികരിച്ചു”, രാഘവ ലോറന്‍സ് പറയുന്നു. വിജയിനെ പ്രശംസിച്ച്, അദ്ദേഹത്തോടൊപ്പം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പങ്കുവച്ചുകൊണ്ടുള്ളതാണ് വീഡിയോ.
വിജയ് മത്സരിച്ച് വിജയിച്ച രണ്ട് മണ്ഡലങ്ങളിലൊന്നായ തിരുച്ചിറപ്പള്ളി ഈസ്റ്റിലേക്ക് ടിവികെ സ്ഥാനാര്‍ഥിയായി രാഘവ ലോറന്‍സ് വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നടന്‍റെ പ്രതികരണം എത്തിയിരിക്കുന്നത്. മത്സരിച്ച് വിജയിച്ച മറ്റൊരു മണ്ഡലമായ പെരമ്പൂര്‍ നിലനിര്‍ത്തി, തിരുച്ചിറപ്പള്ളി ഈസ്റ്റ് വിജയ് ഒഴിയുകയായിരുന്നു. തുടര്‍ ദിനങ്ങളില്‍ രാഘവ ലോറന്‍സിന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

