മൂന്ന് ദിവസമായി കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നടന്ന രണ്ടാമത് റെയിൻ ഇന്റർനാഷണൽ ഫിലിം നേച്ചർ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു.

ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള ക്രിസ്റ്റൽ എലിഫന്റ് അവാർഡിന് അമേരിക്കൻ സംവിധായിക ജെസീക്ക ഒറാക്ക്സിന്റെ വൺ മാൻ ഡൈസ് എ മില്യൺ ടൈംസ് എന്ന സിനിമ  അർഹമായി. പ്രത്യേക ജൂറി പുരസ്കാരമായ ക്രിസ്റ്റൽ എലിഫന്റ് പുരസ്‍കാരത്തിന് മറാത്തി സംവിധായകൻ  ആദിനാഥ് എം കോത്താറയുടെ പാനി എന്ന ചിത്രം അർഹമായി.

മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ക്രിസ്റ്റൽ ഹോൺബിൽ പുരസ്‍കാരം കാനഡ സംവിധായിക റോഗ്രിയോ സോവാറിയോയുടെ റിവർ സൈലൻസ് നേടി.

മികച്ച ഷോട്ട് ഫിലിമിനുള്ള ക്രിസ്റ്റൽ ഔൾ പുരസ്‍കാരം ഫ്രഞ്ച് ചിത്രമായ ബെയർ ഫൂട്ട്സ് നേടി. മികച്ച ഷോട്ട് ഫിലിമിനുള്ള സ്പെഷ്യൽ ജൂറി പുരസ്‍കാരമായ ക്രിസ്റ്റർ ബട്ടർഫ്ളൈയ്ക്ക് ലെബനീസ് ചിത്രമായ ദി റൈഫിൾ ദി ജക്കാൾ ദി വൂൾഫ് ആൻഡ് ദി ബോയി എന്ന ചിത്രം അർഹമായി.

യുവജന വിഭാഗത്തിൽ മികച്ച ചിത്രമായ ഗോൾഡൻ ഔൾ പുരസ്കാരത്തിന് കോട്ടയം ചേർപ്പുങ്കൽ ബിവിഎം കോളജിലെ ജിഷാദ് മുഹമ്മദ് സംവിധാനം ചെയ്ത പരശു അർഹമായി. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ഗോൾഡൻ ഹോൺ ബിൽ പുരസ്കാരത്തിന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച പുനർജനി അർഹമായി. ഡോക്യുമെന്ററി വിഭാഗത്തിലെ പ്രത്യേക ജൂറി പുരസ്‍കാരമായ  ക്രിസ്റ്റൽ ബട്ടർഫ്ളൈ പുരസ്‍കാരത്തിന് തൃശൂർ സി അച്യുതമേനോൻ കോളജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച നിള അർഹമായി.

കുട്ടികളുടെ വിഭാഗത്തിൽ മികച്ച ചിത്രമായ സിൽവർ ഔൾ പുരസ്‍കാരത്തിന് കാസർകോട് ചിന്മയ വിദ്യാലയത്തിലെ ആമയുടെ ലോകം അർഹമായി. പ്രത്യേക ജൂറി പുരസ്‍കാരമായ ക്രിസ്റ്റൽ ബട്ടർഫ്ളൈ പുരസ്‍കാരത്തിന് കോഴിക്കോട് ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്‍കൂളിലെ സി ജിഷ്‍ണു നിർമ്മിച്ച നനഞ്ഞ് അർഹമായി. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള സിൽവർ ഹോൺ ബിൽ പുരസ്‍കാരത്തിന് പുതുപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‍കൂളിലെ ആരോമൽ സാബു നിർമ്മിച്ച ദ റിഥം ഓഫ് നേച്ചർ അർഹമായി.

തിരുവഞ്ചൂർ രാധാകൃഷ്‍ണൻ എംഎൽഎ, ഫെസ്റ്റിവൽ മുഖ്യരക്ഷാധികാരി മുൻ എംഎൽഎ വി എൻ വാസവൻ എന്നിവർ പുരസ്‍കാരങ്ങൾ വിതരണം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ ജയരാജ്,  ഫിലിം ഫെസ്റ്റിവൽ ജൂറി അംഗങ്ങളായ മറാത്തി സംവിധായിക സുമിത്രാ ഭാവേ, സ്പെയിനിൽ നിന്നുള്ള  ഖ്വാസി അബ്‍ദുൾ റെഹിം ജപ്പാനിൽ നിന്നുള്ള  ക്യോക്കോ ഡാൻ , പാബ്ളോ റാൻ ബാവ് ലു,  ഷൈനി ബഞ്ചമിൻ , ത്രിപർണ ബാനർജി ,  അൻഷുമാൻ ശേഖർ, വനം വന്യജീവി ചലച്ചിത്രകാരൻ സുബ്ബയ്യ നല്ല മുത്തു, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായർ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോൻ , ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ , ഫിലിം ഫെസ്റ്റിവൽ ജോയന്റ് കൺവീനർ, കെ കേശവൻ,  സിവിഎച്ച്ആർ ഭാരവാഹി അരുൺകുമാർ, വനം വന്യജീവി ഫോട്ടോഗ്രാഫർ ഡോ. അപർണ  എന്നിവർ പ്രസംഗിച്ചു.