രാജ് കുന്ദ്രയുടെയും ശില്‍പ ഷെട്ടിയുടെയും കേസിന്റെ നാൾവഴികൾ.
ലഹരി മരുന്ന് കേസിന് പുറമെ ബോളിവുഡിൽ 2021ൽ ചർച്ചയ്ക്ക് വഴിവച്ച സംഭവമായിരുന്നു ശില്‍പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിർമാണവും പിന്നാലെ നടന്ന സംഭവ വികാസങ്ങളും (Raj Kundra porn video making case). ഒന്നരവർഷം മുൻപാണു ബിസിനസുകാരൻ രാജ് കുന്ദ്ര അശ്ലീല ചിത്ര നിർമാണ രംഗത്തെത്തുന്നത്. വീഡിയോകൾ, ഫോട്ടോകൾ, ഹോട്ട് ഫോട്ടോ ഷൂട്ടുകൾ എന്നിവയുമായി ഹോട്ഷോട്‍സ് എന്ന മൊബൈൽ ആപ് അവതരിപ്പിക്കുകയാണു കുന്ദ്ര ആദ്യം ചെയ്‍തത്.
ആപ്പിന്റെ വരിസംഖ്യയിലൂടെ ചുരുങ്ങിയ കാലംകൊണ്ടു രാജ് കുന്ദ്ര കോടികൾ കൊയ്‍തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആപ് ചർച്ചാവിഷയമായതോടെ പൊലീസിന്റെ പിടിവീഴുമെന്നായി ആശങ്ക. അങ്ങനെയാണ് ഇതു ലണ്ടനിലുള്ള തന്റെ സഹോദരീഭർത്താവ് പ്രദീപ് ബക്ഷിയുടെ കെന്റിൻ എന്ന കമ്പനിക്കു കുന്ദ്ര കൈമാറുന്നത്. തുടർന്നും വീഡിയോകൾ മുംബൈയിൽ നിർമിച്ചിരുന്നതു രാജ് കുന്ദ്ര തന്നെയായിരുന്നു. ഇതിനിടയിൽ അശ്ലീല ചിത്രങ്ങളുടെ വേര് തേടി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഫെബ്രുവരി ആദ്യം മഡ് ഐലൻഡിൽ നടത്തിയ പരിശോധനയാണു കേസിൽ വഴിത്തിരിവായത്.

ആദ്യഘട്ടത്തിൽ അശ്ലീല വീഡിയോ ചിത്രീകരണത്തിന് അഞ്ച് പേരെ അറസ്റ്റ് ചെയ്‍തു. പിന്നീട്, ഗെഹന വസിഷ്‍ഠ് എന്ന നടിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അപോഴൊന്നും രാജ് കുന്ദ്രയിലേക്കു കേസ് എത്തുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഗെഹനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമേഷ് കാമത്ത് എന്നയാൾ പിടിയിലായതോടെയാണു കുന്ദ്രയിലേക്ക് അന്വേഷണം എത്തുന്നത്. രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ ഉമേഷ്, യുകെ ആസ്ഥാനമായ കെൻറിൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിന്റെ ചുമതലയാണു വഹിച്ചിരുന്നത്. ഇയാളും രാജ് കുന്ദ്രയും ചേർന്നാണ് അശ്ലീല ബിസിനസ് നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് ജൂലൈ 19നാണ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. അശ്ലീല ചിത്ര നിർമാണത്തിനായി കോടിക്കണക്കിന് രൂപയാണ് രാജ് കുന്ദ്ര നിക്ഷേപം നടത്തിയതിനും തെളിവുകൾ ലഭിച്ചു. പിന്നീട് മാധ്യമങ്ങളിലെ തലക്കെട്ടുകൾ മുഴുവനും രാജ് കുന്ദ്രയായിരുന്നു. ഇതിനിടിയിൽ ഒന്നുംതന്നെ ശില്‍പ ഷെട്ടി വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ വിമർശനങ്ങളും വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു.
'ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം', ശില്‍പ ഷെട്ടിയുടെ ആദ്യ പ്രതികരണം
ജൂലൈ 23നാണ് വിഷയത്തിൽ ശില്പ ഷെട്ടി ആദ്യമായി പ്രതികരിക്കുന്നത്. അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ വാക്കുകള്‍ ആയിരുന്നു ശില്‍പ ഷെട്ടി പങ്കുവച്ചത്. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതിൽ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല, എന്നായിരുന്നു അതിലെ വാക്കുകള്‍.

'ഒരുപാട് പേരുടെ കഠിനാധ്വാനമാണ്' അഭ്യർത്ഥനയുമായി ശില്‍പ
ഇത്തരം കോലാഹലങ്ങൾക്ക് ഇടയിലായിരുന്നു പ്രിയദര്‍ശന്‍റെ ഹംഗാമ 2 റിലീസിനെത്തിയത്. 13 വര്‍ഷത്തിനു ശേഷം ശില്‍പ ഷെട്ടി മുഴുനീള വേഷത്തില്‍ അഭിനയിച്ച ചിത്രം കൂടി ആയിരുന്നു ഇത്. കുന്ദ്രയുടെ കേസ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി നില്‍ക്കുമ്പോള്‍ പുറത്തിറങ്ങുന്ന ഹംഗാമ 2ന് അതിന്‍റെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടാവരുതെന്നായിരുന്നു ആരാധകരോട് ശില്‍പ ഷെട്ടി അഭ്യര്‍ഥിച്ചത്.
"യോഗയുടെ അനുശാസനങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നത്, അഭ്യസിക്കുന്നതും- ജീവിതം നിലനില്‍ക്കുന്ന ഒരേയൊരിടം ഈ നിമിഷമാണ്. ഹംഗാമ 2ല്‍ ഒരു വലിയ സംഘത്തിന്‍റെ കഠിനാധ്വാനമുണ്ട്. ഒരു നല്ല ചിത്രം നിര്‍മ്മിക്കാനായി എല്ലാവരും കഷ്ടപ്പെട്ടു. ആ സിനിമയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവരുത്. നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വരുത്തുവാന്‍ കുടുബങ്ങള്‍ക്കൊപ്പം ഹംഗാമ 2 കാണാനായി ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. നന്ദി", എന്നായിരുന്നു നടി കുറിച്ചത്. പിന്നീട് ചിത്രം പ്രദർശനത്തിനെത്തുകയും ചെയ്‍തു. ഇതിനിടയിലാണ് കുന്ദ്ര കേസിൽ ശിൽപയെ ചോദ്യം ചെയ്യുന്നത്.
കേസിൽ ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്യുന്നു
ജൂലൈ 24നാണ് ശിൽപയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ആറുമണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ശില്‍പയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലാപ്‍ടോപ്പും കണ്ടെത്തി. കേസില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്‍പ ഷെട്ടി പൊലീസിനോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിൽ രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്‍റെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്‍ട്രീസിന്‍റെ ഡയറക്ടറായിരുന്നു ശില്‍പ സ്ഥാനം രാജിവച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നു. രാജി വയ്ക്കാനുള്ള കാരണവും ഉദ്യോഗസ്ഥർ ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ് കുന്ദ്ര അശ്ലീല വീഡിയോകള്‍ വിറ്റുവെന്ന് പറയുന്ന ആപ്പുകളില്‍ നിന്നുള്ള വരുമാനം ശില്‍പയുടെ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന കാര്യവും ക്രെം ബ്രാഞ്ച് പരിശോധിച്ചു.

ഭർത്താവിനെ ന്യായീകരിച്ച് ശിൽപ
അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് ശില്‍പ ഷെട്ടി ഭര്‍ത്താവിനെ ന്യായീകരിച്ച് മൊഴി നല്‍കിയത്. ഹോട്‌ഷോട്‌സ് എന്ന ആപ്ലിക്കേഷനില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സാമ്പത്തിക ലാഭം പറ്റിയിട്ടില്ലെന്നും ശില്‍പ ചോദ്യം ചെയ്യലില്‍ പറഞ്ഞു. നീലച്ചിത്ര നിര്‍മാണത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്നും കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷി എന്നയാളാണ് ആപ്പിന് പിന്നിലെന്നും ശില്‍പ മൊഴി നല്‍കി. പ്രത്യക്ഷമായി ലൈംഗിക രംഗങ്ങള്‍ കാണിക്കുന്നില്ലെന്നും ലൈംഗിക താല്‍പര്യം ഉണര്‍ത്തുന്ന ദൃശ്യങ്ങളാണെന്നും ശില്‍പ ഷെട്ടി പറഞ്ഞിരുന്നു. ഭര്‍ത്താവ് രാജ് കുന്ദ്ര നിരപരാധിയാണെന്നും അവര്‍ മൊഴി നല്‍കി. ആപ്പുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നുണ്ടെന്നും ശില്‍പ ഷെട്ടി പറഞ്ഞിരുന്നു. ഇതിനിടയിൽ കുന്ദ്രയുമായി വിവാഹ മോചനത്തിന് ശിൽപ ഒരുങ്ങുന്നുവെന്ന വാർത്തകളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു.
രാജ് കുന്ദ്രയുമായി വിവാഹ മോചനത്തിന് ശില്‍പ ഷെട്ടി?
അനധികൃത മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച സ്വത്തില്‍ നിന്ന് കുട്ടികളെ ഒഴിവാക്കി നിര്‍ത്തണമെന്നാണ് ശില്‍പയുടെ ആഗ്രഹമെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ പ്രാപ്‍തയാണെന്നും പേരു വെളിപ്പെടുത്താത്ത സുഹൃത്ത് പറഞ്ഞതായി ആയിരുന്നു റിപ്പോർട്ടുകൾ വന്നത്.
രാജ് കുന്ദ്രയുടെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ വേഗത്തില്‍ അവസാനിക്കുന്ന ഒന്നല്ല. നേരെമറിച്ച് ഓരോ ആഴ്‍ച പിന്നിടുമ്പോഴും അവ കൂടിക്കൂടി വരികയുമാണ്. അശ്ലീലചിത്ര നിര്‍മ്മാണത്തിലെ രാജ് കുന്ദ്രയുടെ പങ്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ശില്‍പയെ ഞെട്ടിച്ചു. അധാര്‍മ്മിക രീതികളില്‍ സമ്പാദിക്കുന്ന ധനത്തില്‍ നിന്നാണ് തനിക്ക് വില പിടിച്ച സമ്മാനങ്ങള്‍ ലഭിച്ചിരുന്നതെന്ന് ശില്‍പയ്ക്ക് അറിയില്ലായിരുന്നു. കുന്ദ്രയുടെ സ്വത്ത് വേണ്ട എന്നതാണ് ശില്‍പയുടെ നിലപാട് എന്നാണ് ഞങ്ങള്‍ അറിഞ്ഞത്. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവ് ആയി പോകുന്നതിലൂടെ നല്ല വരുമാനം നേടുന്നുണ്ട് ശില്‍പ. ഹംഗാമ 2നു ശേഷം സിനിമകളിലും സജീവമാകാനാണ് അവളുടെ തീരുമാനം. രാജ് കുന്ദ്ര ദീര്‍ഘകാലം അകത്തായാലും ഇപ്പോഴത്തെ ജീവിതനിലവാരം തുടരാന്‍ ശില്‍പയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നും സുഹൃത്ത് പറഞ്ഞതായി വാർത്തകൾ വന്നു.

കേസിൽ രാജ് കുന്ദ്രക്ക് ജാമ്യം
സെപ്റ്റംബർ 21നാണ് അശ്ലീല നിര്‍മ്മാണക്കേസില്‍ രാജ് കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് കുറ്റപത്രത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുന്ദ്ര കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച കോടതി, 50,000 രൂപ ഈടിലാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെയും ജാമ്യത്തിന് വേണ്ടി കുന്ദ്ര ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ക്രൈം ബ്രാഞ്ചും ജാമ്യത്തെ എതിര്‍ത്തിരുന്നു. അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി ഗഹന വസിഷ്ഠ അടക്കം എട്ടുപേര്‍ക്കെതിരെ മുംബൈ ക്രൈം ബ്രാഞ്ച് കുറ്റപത്രവും നല്‍കി. ജാമ്യം ലഭിച്ച് വീട്ടിലെത്തിയ കുന്ദ്രയുടെ ഏറെ വികാരനിർഭരമായ രംഗങ്ങളായിരുന്നു പിന്നീട് കണ്ടത്. 62 ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു കുന്ദ്ര സ്വവസതിയിൽ എത്തിയത്. വാഹനത്തില്‍ നിന്നിറങ്ങിയ കുന്ദ്രയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. ഒന്നും മിണ്ടാതെ ഏറെ വികാര നിര്‍ഭരനായായിരുന്നു കുന്ദ്രയുടെ പ്രതികരണം.
കുന്ദ്രയ്ക്കും ശിൽപയ്ക്കുമെതിരെ വഞ്ചനാകേസ്
നവംബർ 14ന് രാജ് കുന്ദ്രയ്ക്കും ശിൽപ ഷെട്ടിക്കുമെതിരെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്യുന്നത്. 2014ല്‍ എസ്എഫ്എല്‍ ഫിറ്റ്‌നസ് ഡയറക്ടറായ കാസിഫ് ഖാന്‍, ശില്‍പ ഷെട്ടി, രാജ് കുന്ദ്ര എന്നിവര്‍ അവരുടെ സ്ഥാപനത്തില്‍ 1.5 കോടി രൂപ നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. എസ്എഫ്എല്‍ ഫിറ്റ്‌നസ് കമ്പനി ഒരു ഫ്രാഞ്ചൈസി അനുവദിക്കാമെന്നും ഡഹാസ്‍പര്‍, കൊറേഗാവ് എന്നിവിടങ്ങളില്‍ ജിം, സ്‍പാ എന്നിവ ആരംഭിക്കാന്‍ സഹായിക്കാമെന്ന് വാഗ്‍ദാനം ചെയ്‍തിരുന്നെന്നും പരാതിയില്‍ പറയുന്നു. വാഗ്ദാനങ്ങള്‍ നടപ്പാകാതിരുന്നപ്പോള്‍ പണം തിരികെ ചോദിച്ചെങ്കിലും ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. നിലവിൽ രാജ് കുന്ദ്ര കേസ് നടന്നുകൊണ്ടിരിക്കയാണ്.
