'കേരള കഫെ'യ്ക്കും 'അഞ്ച് സുന്ദരികള്‍'ക്കും 'ക്രോസ് റോഡി'നും ശേഷം മലയാളത്തില്‍ വീണ്ടുമൊരു ചലച്ചിത്ര സമുച്ചയം (anthology movie). ഇനിയും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകരായ രാജീവ് രവി, ആഷിക് അബു, വേണു, ജെയ് കെ എന്നിവരാണ്.

ഇതില്‍ നേരത്തേ പൃഥ്വിരാജ് ചിത്രം 'എസ്ര' സംവിധാനം ചെയ്ത ജെയ് കെ സമുച്ചയത്തിലേക്ക് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെക്കുറെ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകളുണ്ട്. എസ്രയുടെ ബോളിവുഡ് റീമേക്കിന്റെ ജോലികള്‍ ഉള്ളതിനാല്‍ ഫെബ്രുവരിയില്‍ തന്നെ അദ്ദേഹം ഈ സിനിമയുടെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി ചില്ലറ പാച്ച് വര്‍ക്കുകള്‍ മാത്രം അവശേഷിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം ലിംഗരാഷ്ട്രീയം പരാര്‍ശിക്കുന്ന, അറുപതുകള്‍ പശ്ചാത്തലമാക്കുന്ന ഒരു ചിത്രമാണ് ഒരുക്കുന്നതെന്നും അറിയുന്നു.

മറ്റ് മൂന്ന് സംവിധായകരും തങ്ങളുടെ ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും പ്രധാന ഷെഡ്യൂള്‍ ഇനിയും അവശേഷിക്കുന്നുവെന്നും അറിയുന്നു. നാല് ചെറുസിനിമകളിലുമായി മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ അണിനിരക്കുമെന്നും അറിയുന്നു. ചിത്രങ്ങളുടെ ഛായാഗ്രാഹകര്‍ ആരെന്നത് അടക്കമുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഏറെ വൈകാതെ ചിത്രത്തിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉണ്ടാവുമെന്ന് അറിയുന്നു.