ഇന്ത്യയിലെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറാണ് രജനികാന്ത്. സിനിമയ്‍ക്ക് പുറത്ത് കുടുംബത്തിനും വലിയ പ്രാധാന്യം കൊടുക്കുന്ന താരം കൂടിയാണ് രജനികാന്ത്. എന്നാല്‍ കുടുംബത്തിനൊപ്പമുള്ള ഫോട്ടോകള്‍ അങ്ങനങ്ങ് കാണാറില്ല. ഇപ്പോഴിതാ ഭാര്യ ലതയ്‍ക്കൊപ്പമുള്ള രജനികാന്തിന്റെ ഫോട്ടോയാണ് ഓണ്‍ലൈനില്‍ തരംഗമാകുന്നത്. 1981ലാണ് രജനികാന്തും ലതയും തിരുപ്പതി അമ്പലത്തില്‍ വെച്ച് വിവാഹിതരായത്. ഐശ്വര്യ, സൌന്ദര്യ എന്നീ രണ്ട് മക്കളും രജനികാന്ത്- ലത ദമ്പതിമാര്‍ക്കുണ്ട്.

പൊലീസ് വേഷത്തിലുള്ള രജനികാന്തിനൊപ്പമുള്ള ലതയുടെ ഫോട്ടോയാണ് ഓണ്‍ലൈനില്‍ തരംഗമാകുന്നത്. എ ആര്‍  മുരുഗദോ്സിന്റെ ദര്‍ബാര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്. തകര്‍പ്പൻ സ്റ്റൈലിലാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഏറെക്കാലത്തിന് ശേഷം രജനികാന്ത് പൊലീസ് വേഷത്തില്‍ എത്തുകയാണ്.  ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്തിന്റെ പൊലീസ് വേഷം വെള്ളിത്തിരയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്.

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം. അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.