ശ്രീല പ്രഭുപാദയുടെ ജീവിതം ആസ്പദമാക്കിയുള്ള 'ശരണാഗതി' എന്ന പുതിയ ആനിമേഷൻ ചിത്രം ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചു.

‘കെ.ജി.എഫ്’, ‘സലാർ’, ‘കാന്താര’ തുടങ്ങിയ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്കും ‘മഹാവതാർ നരസിംഹ’ പോലുള്ള വേറിട്ട സിനിമാനുഭവങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച ഹോംബാലെ ഫിലിംസ് പുതിയൊരു ആനിമേഷൻ ചിത്രവുമായി എത്തുന്നു. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) സ്ഥാപകാചാര്യനായ എ.സി. ഭക്തിവേദാന്ത സ്വാമി ശ്രീല പ്രഭുപാദയുടെ ജീവിതവും ആത്മീയ ദൗത്യവും ആസ്പദമാക്കിയുള്ള ‘ശരണാഗതി – ദ ലൈഫ് ഓഫ് എ സറണ്ടേർഡ് സോൾ’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാൻസെൻഡന്റൽ ഫിലിംസുമായി ചേർന്നാണ് ഹോംബാലെ ഫിലിംസ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഇസ്‌കോണിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് ചിത്രം ഒരുങ്ങുന്നത്. അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഷൻ ക്യാപ്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രത്തിന്റെ ആഗോള തിയേറ്റർ റിലീസ് 2027 ഓഗസ്റ്റിൽ ശ്രീല പ്രഭുപാദയുടെ വ്യാസപൂജ ദിനത്തോടനുബന്ധിച്ചായിരിക്കും.

ആനിമേഷൻ രംഗത്ത് പുതിയൊരു സാങ്കേതിക പരീക്ഷണവുമായാണ് ‘ശരണാഗതി’ ഒരുങ്ങുന്നത്. എ.ഐ. മോഷൻ ക്യാപ്ചർ എന്ന സാങ്കേതികവിദ്യയാണ് ചിത്രത്തിൽ ഉപയോഗിക്കുന്നത്. മനുഷ്യരുടെ ശരീരചലനങ്ങളും ആംഗ്യങ്ങളും മുഖഭാവങ്ങളും ക്യാമറകളിലൂടെ പകർത്തി എ.ഐ.യുടെ സഹായത്തോടെ ആനിമേഷൻ കഥാപാത്രങ്ങളിലേക്ക് മാറ്റുന്നതാണ് ഈ രീതി. ഇതിലൂടെ മനുഷ്യർ സ്വാഭാവികമായി ചലിക്കുന്നതുപോലെയും ഭാവങ്ങൾ പ്രകടിപ്പിക്കുന്നതുപോലെയും ആനിമേഷൻ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ കഴിയും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ മികവുറ്റതും യഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്നതുമായ ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് ചിത്രം ലക്ഷ്യമിടുന്നത്.

1965ൽ തന്റെ 69-ാം വയസ്സിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് യാത്രതിരിച്ച ശ്രീല പ്രഭുപാദയുടെ അസാധാരണമായ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഭഗവദ്ഗീതയുടെയും ശ്രീകൃഷ്ണന്റെ സന്ദേശത്തിന്റെയും കാലാതീതമായ ജ്ഞാനം ലോകത്തിന് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആ യാത്ര. തന്റെ ആത്മീയ ഗുരുവായ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഠാക്കൂറിന്റെ നിർദേശപ്രകാരം ആരംഭിച്ച ആ ദൗത്യം പിന്നീട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് കൃഷ്ണാവബോധത്തിന്റെ സന്ദേശമെത്തിച്ചു. അചഞ്ചലമായ വിശ്വാസം, പൂർണമായ ശരണാഗതി, പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്ത്, നിസ്വാർഥ സേവനം എന്നിവ നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്.

ഇന്ത്യൻ സിനിമയിൽ വ്യത്യസ്തമായ കഥകൾക്കും വമ്പൻ സിനിമാറ്റിക് പരീക്ഷണങ്ങൾക്കും പിന്തുണ നൽകുന്ന നിർമ്മാണക്കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ‘കെ.ജി.എഫ്’ ഫ്രാഞ്ചൈസി, ‘സലാർ’, ‘കാന്താര’ തുടങ്ങിയ ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ തലത്തിൽ വലിയ വിജയം നേടിയ കമ്പനി, ഇന്ത്യയിലെ ശ്രദ്ധേയമായ ആനിമേഷൻ ചിത്രങ്ങളിലൊന്നായ ‘മഹാവതാർ നരസിംഹ’യിലൂടെയും പുതിയ മേഖലകളിലേക്ക് കടന്നിരുന്നു. ‘കാന്താര’ ഫ്രാഞ്ചൈസിയിലൂടെ ഭൂതകോല പോലുള്ള പ്രാദേശിക നാടോടി-സാംസ്കാരിക പാരമ്പര്യങ്ങളെ രാജ്യവ്യാപകമായി പ്രേക്ഷകരിലേക്ക് എത്തിക്കാനും ഹോംബാലെ ഫിലിംസിന് കഴിഞ്ഞിട്ടുണ്ട്. ‘മഹാവതാർ നരസിംഹ’യുടെ വിജയത്തിന് പിന്നാലെ ഇന്ത്യൻ നാഗരികതയുടെയും വിശ്വാസത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും കഥകൾ പുതിയ തലമുറയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ തുടർച്ചയായാണ് ‘ശരണാഗതി’ ഒരുങ്ങുന്നത്. സനാതന ധർമ്മത്തിന്റെ ആഴത്തിലുള്ള ആശയങ്ങൾ ആധുനിക സിനിമാ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

ഗൗര ശക്തി ദാസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. രാജേഷ് സിങ്ങും ലോഹിത് റാവുവും ചേർന്നാണ് നിർമ്മാണം. ശ്രീധർ ശികാരിപുരയാണ് വിഷ്വൽ ഡയറക്ടർ. ട്രാൻസെൻഡന്റൽ ഫിലിംസിന്റെ നിർമ്മാണത്തിൽ ഡൈവ് ഡീപ്പ് എ.ഐ. സ്റ്റുഡിയോയുമായി സഹകരിച്ചാണ് ചിത്രം ഒരുക്കുന്നത്. ഹൊംബാലെ ഫിലിംസ് ചിത്രം അവതരിപ്പിക്കുകയും ലോകമെമ്പാടും വിതരണം ചെയ്യുകയും ചെയ്യും. ശ്രീരംഗപട്ടണത്തെ ശ്രീ നരസിംഹ ചൈതന്യ മഠം, ഇസ്‌കോൺ ബാംഗ്ലൂർ, ഇസ്‌കോൺ, ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ് (ബി.ബി.ടി.) എന്നിവയുടെ അനുഗ്രഹാശിസ്സുകളും പിന്തുണയും ചിത്രത്തിനുണ്ട്. ഒരു വ്യക്തിയുടെ സമ്പൂർണ ശരണാഗതിയുടെയും തലമുറകളെ അതിജീവിക്കുന്ന ആത്മീയ പൈതൃകത്തിന്റെയും കഥ പറയുന്ന ‘ശരണാഗതി’ 2027 ഓഗസ്റ്റിൽ ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

SARANAGATI - Title Teaser Video | Hombale Films | Transcendental Films | ISKCON | Gaura Shakti Dasa