ഓഗസ്റ്റ് 10ന് ആണ് ജയിലർ റിലീസ് ചെയ്തത്.
2023 അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം ആണ് ബാക്കി. പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തിലേക്ക് പോകാൻ ജനങ്ങൾ തയ്യാറെടുക്കുമ്പോൾ, സിനിമാ മേഖലയിൽ ഭേദപ്പെട്ട വർഷം ആണ് കടന്നു പോകുന്നത്. ഈ വർഷം തെന്നിന്ത്യയ്ക്ക് അകത്തും പുറത്തും ഏറെ ശ്രദ്ധനേടിയ സിനിമകളിൽ ഒന്നായിരുന്നു ജയിലർ. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനത്തിലൂടെ നടൻ വിനായകനും കസറിയിരുന്നു. സിനിമ റിലീസ് ചെയ്ത് മാസങ്ങൾ കഴിയുമ്പോൾ പുത്തൻ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ജയിലർ.
2023ൽ രണ്ട് ഭാഷാ പതിപ്പുകളിൽ നിന്നും 100 കോടിയിലേറെ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ജയിലർ. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക് പതിപ്പിലും 100 കോടി കളക്ഷൻ ജയിലർ നേടിയിരുന്നു. രണ്ട് പതിപ്പുകളിൽ ഈ നേട്ടം കൊയ്യുന്ന ഈ വർഷത്തെ ഏക സിനിമയും ഇത് തന്നെ.
ഓഗസ്റ്റ് 10ന് ആണ് ജയിലർ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ, വിനായകൻ, രമ്യ കൃഷ്ണൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്നിരുന്നു. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെ ആണ് രജനികാന്ത് അവതരിപ്പിച്ചത്. വർമൻ എന്ന പ്രതിനായ വേഷത്തിൽ എത്തിയ വിനായകൻ മറ്റെല്ലാ അഭിനേതാക്കൾക്കും മേലെയുള്ള പ്രകടനം ആണ് കാഴ്ചവച്ചിരുന്നത്.
'നിന്നെ കണ്ട'ന്ന്..; സാജിദ് യഹ്യയുടെ 'ഖൽബ്', ഹിഷാമിന്റെ മനോഹര മെലഡി എത്തി
അനിരുദ്ധ് സംഗീതം ഒരുക്കിയ ജയിലറിന്‍റെ തിരക്കഥ ഒരുക്കിയത് നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ്. അതേസമയം, തലൈവര്‍ 170ല്‍ ആണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വേട്ടയ്യന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ടി ജെ ജാഞാനവേല്‍ ആണ് സംവിധാനം.
