മലൈക്കോട്ടൈ വാലിബന്‍റെ മുഴുവന്‍ ചിത്രീകരണവും രാജസ്ഥാനിലാണ്

രജനീകാന്തും മോഹന്‍ലാലും ഒരു ചിത്രത്തില്‍ ഒരുമിച്ചെത്തുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് മലയാളം, തമിഴ് സിനിമാപ്രേമികള്‍ കേട്ടത്. രജനീകാന്തിനെ ടൈറ്റില്‍ കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക. ഇപ്പോഴിതാ ഇരുവരും ഒറ്റ ഫ്രെയ്മില്‍ നില്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. 

രജനീകാന്തിന്റെ ജയ്ലര്‍, ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന മലൈക്കോട്ടൈ വാലിബന്‍ എന്നീ സിനിമകളുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. മലൈക്കോട്ടൈ വാലിബന്‍റെ മുഴുവന്‍ ചിത്രീകരണവും രാജസ്ഥാനില്‍ നടക്കുമ്പോള്‍ ജയ്‍ലറിന്‍റെ നിലവിലെ ഷെഡ്യൂളും ഇവിടെയാണ് നടക്കുന്നത്. രജനീകാന്തും മോഹന്‍ലാലും ഒരേ ഹോട്ടലിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇതിനിടയിലുണ്ടായ കൂടിക്കാഴ്ചയില്‍ നിന്നുള്ള ചിത്രമാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ALSO READ : 'തിയറ്ററുകളില്‍ റിവ്യൂ വിലക്ക് എന്നത് വ്യാജം'; 'ക്രിസ്റ്റഫറി'നെ തകര്‍ക്കാന്‍ ശ്രമമെന്ന് ബി ഉണ്ണികൃഷ്ണന്‍

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. 

Scroll to load tweet…

അതേസമയം പുതുനിര സംവിധായകരില്‍ പറയുന്ന വിഷയങ്ങള്‍ കൊണ്ടും ആഖ്യാനശൈലി കൊണ്ടും തന്‍റേതായ വഴി വെട്ടിയ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കുന്നു എന്നതാണ് മലൈക്കോട്ടൈ വാലിബന്‍റെ യുഎസ്‍പി. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിരുന്നു.