Asianet News MalayalamAsianet News Malayalam

തിയറ്ററുകളിൽ നിറഞ്ഞാടാൻ 'മുത്തുവേൽ പാണ്ഡ്യൻ' വരുന്നു; ക്യാരക്ടർ വീഡിയോയുമായി ടീം 'ജയിലർ'

രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

Rajinikanth movie Jailer Muthuvel Pandian Arrives video
Author
First Published Dec 12, 2022, 6:11 PM IST

ജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'ജയിലറു'ടെ ക്യാരക്ടർ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. 'മുത്തുവേൽ പാണ്ഡ്യൻ' എന്നാണ് നടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 

നെൽസൺ ദിലീപ് കുമാർ ആണ് ജയിലര്‍ സംവിധാനം ചെയ്യുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക.  'പടയപ്പ' എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

'ബീസ്റ്റ്' എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ.  പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്.  അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.  റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു. 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്.  

അരങ്ങേറ്റമായ 'കോലമാവ് കോകില'യിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. ഒടുവില്‍ പുറത്തിറങ്ങിയ ബീസ്റ്റിന് തിയറ്ററില്‍ പരാജയം നേരിടേണ്ടി വന്നിരുന്നു. 'ജയിലറി'ലൂടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. 

'ഹരികൃഷ്ണന്‍സി'ൽ രണ്ട് ക്ലൈമാക്സ് വന്നതെങ്ങനെ? രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി

അതേസമയം, രജനീകാന്ത് ചിത്രം 'ബാബ' വീണ്ടും തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്.  സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2002 ല്‍ പുറത്തെത്തിയ ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിനു ശേഷമാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. 'പടയപ്പ' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം രജനീകാന്തിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു 'ബാബ'.  ലോട്ടസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ രജനീകാന്ത് തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. രജനീകാന്ത് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വി ടി വിജയന്‍. സംഗീതം എ ആര്‍ റഹ്‍മാന്‍. 

Follow Us:
Download App:
  • android
  • ios