Asianet News MalayalamAsianet News Malayalam

'അദ്ദേഹം അപകടനില തരണം ചെയ്തതിൽ സന്തോഷം'; എസ്പിബി വേഗം സുഖം പ്രാപിക്കട്ടെ എന്ന് രജനീകാന്ത്

ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് എസ്പിബിയെ കഴിഞ്ഞ ദിവസം പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ശ്വാസതടസം മാറി തുടങ്ങിയതായും ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചെന്ന് മകൻ എസ്പി ചരൺ അറിയിച്ചിരുന്നു.

rajinikanth on sp balasubrahmanyam says happy he crossed danger zone
Author
Chennai, First Published Aug 17, 2020, 4:58 PM IST

ചെന്നൈ: കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മടങ്ങി വരവിനായ് പ്രാർത്ഥനയോടെ നടൻ രജനീകാന്ത്. അദ്ദേഹം അപകടനില തരണം ചെയ്തതിൽ സന്തോഷമെന്നും എത്രയും വേ​ഗം സുഖപ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ രജനീകാന്ത് പറഞ്ഞു. 
ചെന്നൈയിലെ എംജിഎം ആശുപത്രിയിലാണ് എസ്പിബി ചികിത്സയിൽ കഴിയുന്നത്.

"എസ് പി ബാലസുബ്രഹ്മണ്യം അപകടനില കടന്നതിൽ അതിയായ സന്തോഷം. വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കഴിഞ്ഞ 50 വർഷത്തിലേറെയായി നിരവധി ഭാഷകളിൽ മൃദുലമായ ശബ്ദത്തോടെ പാടി അദ്ദേഹം കോടിക്കണക്കിന് ആളുകൾക്ക് സന്തോഷം നൽകി. വേ​ഗം സുഖം പ്രാപിക്കുക പ്രിയ ബാലു സർ", രജനീകാന്ത് പറഞ്ഞു. 

കഴിഞ്ഞ ദിവസം നടൻ കമലഹാസനും എസ്പിബിക്ക് ആശംസകളുമായി രം​ഗത്തെത്തിയിരുന്നു. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ എസ്പിബിയെ സഹോദരനെന്ന് വിശേഷിപ്പിച്ച കമലാഹാസൻ അദ്ദേഹം ഉടൻ സുഖം പ്രാപിക്കാൻ കാത്തിരിക്കുകയാണെന്ന് കുറിച്ചു. 

അതേസമയം, ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് എസ്പിബിയെ കഴിഞ്ഞ ദിവസം പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ശ്വാസതടസം മാറി തുടങ്ങിയതായും ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ അറിയിച്ചെന്ന് മകൻ എസ്പി ചരൺ അറിയിച്ചിരുന്നു.

വെന്‍റിലേറ്റർ സഹായം തുടരുന്നുണ്ട്. എസ്പിബി സാധാരണ നിലയിലേക്ക് എത്താൻ ആഴ്ചകൾ വേണ്ടിവന്നേക്കുമെന്ന് എസ്പി ചരൺ പറഞ്ഞു. ഓഗസ്റ്റ് 13ന് രാത്രിയാണ് എസ്പിബിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 5ന് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

Read Also: എസ് പി ബാലസുബ്രഹ്മണ്യത്തെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

Follow Us:
Download App:
  • android
  • ios