Asianet News MalayalamAsianet News Malayalam

വൈശാഖിന്‍റെ ബിഗ് ബജറ്റ് ചിത്രം 'ബ്രൂസ്‍ ലീ' ഇനി നടക്കില്ല; കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍

2022 ലെ ഉണ്ണി മുകുന്ദന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു ബ്രൂസ് ലീയുടെ പ്രഖ്യാപനം

unni mukundan dropped bruce lee big budget action movie by vysakh nsn
Author
First Published Sep 18, 2023, 2:36 PM IST

ആക്ഷന്‍ ഹീറോ പരിവേഷമായിരുന്നു കുറച്ചുനാള്‍ മുന്‍പുവരെ ഉണ്ണി മുകുന്ദന് മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മാറിയിരിക്കുന്നു. മേപ്പടിയാന്‍, ഷെഫീക്കിന്‍റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളൊക്കെ ഉണ്ണി മുകുന്ദനിലെ അഭിനേതാവിനെയാണ് കൂടുതല്‍ ഫോക്കസ് ചെയ്തത്. അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന പല പ്രോജക്റ്റുകളും അത്തരത്തില്‍ തന്നെ. എന്നാല്‍ അക്ഷന്‍ ഹീറോ എന്ന നിലയില്‍ ഉണ്ണി മുകുന്ദനെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ അവര്‍ക്ക് നിരാശയുണ്ടാക്കുന്ന ഒരു വിവരം ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. വൈശാഖിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി പ്രഖ്യാപിച്ചിരുന്ന ബ്രൂസ് ലീ എന്ന ചിത്രം ഉപേക്ഷിച്ചു എന്നതാണ് അത്.

ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. രഞ്ജിത്ത് ശങ്കറിന്‍റെ സംവിധാനത്തിലെത്തുന്ന തന്‍റെ പുതിയ ചിത്രം ജയ് ഗണേഷ് സംബന്ധിച്ച ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം ഉണ്ണി ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതിന് താഴെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് ബ്രൂസ് ലീ ഉപേക്ഷിച്ചതായി ഉണ്ണി അറിയിച്ചത്. ബ്രൂസ് ലീ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് ഉണ്ണിയുടെ മറുപടി ഇങ്ങനെ- "അതെ സുഹൃത്തേ. ദൌര്‍ഭാഗ്യവശാല്‍ ബ്രൂസ് ലീ ഉപേക്ഷിക്കേണ്ടിവന്നു. ക്രിയേറ്റീവ് ആയ കാരണങ്ങളാലാണ് അത് വേണ്ടിവന്നത്. പക്ഷേ അതേ ടീം മറ്റൊരു പ്രോജക്റ്റിനുവേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്ഷന്‍ ചിത്രമാവാനാണ് സാധ്യത. കാലം എന്താണോ ഡിമാന്‍ഡ് ചെയ്യുന്നത് അതനുസരിച്ചാവും ആ ചിത്രം". അടുത്ത വര്‍ഷം ഒരു ആക്ഷന്‍ ചിത്രം വരുമെന്നും ഉണ്ണി പറയുന്നുണ്ട്.

2022 ലെ ഉണ്ണി മുകുന്ദന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു ബ്രൂസ് ലീയുടെ പ്രഖ്യാപനം. ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കേണ്ടിയിരുന്നത്. നേരത്തെ ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മല്ലു സിംഗ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ വിജയം നേടിയ ചിത്രമാണ്. യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമായിരിക്കുമെന്നായിരുന്നു അണിയറക്കാരുടെ വാഗ്‍ദാനം. അതേസമയം ജയ് ഗണേഷിനൊപ്പം ഗന്ധര്‍വ്വ ജൂനിയറും ഉണ്ണി മുകുന്ദന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം തമിഴില്‍ കരുടന്‍ എന്ന ചിത്രവും. 

ALSO READ : 'ആടുജീവിതം പകുതി വരെയുള്ള സീനുകള്‍ കണ്ടു'; പൃഥ്വിരാജിന്‍റെ പ്രകടനത്തെക്കുറിച്ച് ബെന്യാമിന്‍

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ

Follow Us:
Download App:
  • android
  • ios