Asianet News MalayalamAsianet News Malayalam

എത്ര പ്രായമായാലും സിനിമയില്‍ സ്റ്റൈല്‍മന്നൻ തന്നെ, രജനികാന്തിന്റെ പുതിയ ചിത്രം വൈറലാകുന്നു!

എ ആര്‍ മുരുഗദോസിന്റെ ദര്‍ബാര്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള രജനികാന്തിന്റെ പുതിയ ചിത്രം വൈറലാകുകയുമാണ്.

Rajinikanth redefines swag in kickass new Darbar still
Author
Chennai, First Published Sep 3, 2019, 11:12 AM IST

സാധാരണയായി മേയ്‍ക്കപ്പൊന്നുമില്ലാതെ ലളിതമായ വസ്‍ത്രങ്ങളിട്ടാണ് രജനികാന്തിനെ പൊതുവേദികളില്‍ കാണാറുള്ളത്. നരച്ച തലമുടിയും വാര്‍ദ്ധക്യം മനസ്സിലാകുന്ന രൂപഭാവങ്ങള്‍ തന്നെ. രജനികാന്തിന്റെ രീതിയെ കുറിച്ച് പലരും പറയാറുമുണ്ട്. എന്നാല്‍ സിനിമയിലെത്തിയാല്‍ എപ്പോഴും രജനികാന്ത് സ്റ്റൈല്‍ മന്നൻ തന്നെ. എ ആര്‍ മുരുഗദോസിന്റെ ദര്‍ബാര്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള രജനികാന്തിന്റെ പുതിയ ചിത്രം വൈറലാകുകയുമാണ്.

ചിത്രീകരണത്തിനിടെ സംവിധായകൻ എ ആര്‍ മുരുഗദോസ് രജനികാന്തുമായി ചര്‍ച്ചയിലാണ്. തകര്‍പ്പൻ സ്റ്റൈലിലാണ് ഫോട്ടോയില്‍ രജനികാന്ത് ഉള്ളത്. എന്തായാലും ആരാധകര്‍ ഫോട്ടോ ആഘോഷമാക്കിത്തുടങ്ങി. അതേസമയം ചിത്രത്തില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് രജനികാന്ത് സഹോദരനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാൻ പോയപ്പോള്‍ എടുത്ത ഫോട്ടോയും വൈറലായിരുന്നു. രജനികാന്തിന്റെ സഹോദരൻ സത്യനാരായണൻ റാവു കാലിന് ശസ്‍ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലായിരുന്നു. സഹോദരനെ കണ്ട് തിരിച്ചുവന്ന രജനികാന്ത് വീണ്ടും ദര്‍ബാറിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ്.

ഏറെക്കാലത്തിന് ശേഷം രജനികാന്ത് പൊലീസ് വേഷത്തില്‍ എത്തുകയാണ്.  ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്തിന്റെ പൊലീസ് വേഷം വെള്ളിത്തിരയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്.

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം. അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios