തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ രാഷ്‍ട്രീയ പ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കുറെക്കാലമായിരുന്നു തുടങ്ങിയിട്ട്. എന്തായാലും രാഷ്‍ട്രീയ പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം രജനികാന്ത് തീരുമാനം അറിയിച്ചു. തമിഴ് രാഷ്‍ട്രീയത്തില്‍ അത് മാറ്റമുണ്ടാക്കുമോയെന്നാണ് ഇനി അറിയേണ്ടത്. 31ന് രാഷ്‍ട്രീയ പാര്‍ട്ടിയുടെ ലോഞ്ചിംഗ് നടത്തുമെന്നാണ് രജനികാന്ത് പ്രഖ്യാപിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ പേര് സംബന്ധിച്ച് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്തായാലും രാഷ്‍ട്രീയ പ്രഖ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പറയവേ പുതിയ സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും രജനികാന്ത് സൂചിപ്പിച്ചത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയിലായിരുന്നു രജനികാന്ത് അഭിനയിച്ചുകൊണ്ടിരുന്നത്. ഹൈദരാബാദില്‍ റാമോജി ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം തുടങ്ങിയത്. കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവയ്‍ക്കുകയായിരുന്നു. അടുത്ത വര്‍ഷം ആദ്യം അണ്ണാത്തെയുടെ ചിത്രീകരണം തുടങ്ങും. രജനികാന്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ രാഷ്‍ട്രീയ പാര്‍ട്ടിയുടെ രജിസ്‍ട്രേഷൻ സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യാൻ തമിളരുവി മണിയൻ തന്നെ സഹായിക്കുമെന്നും രജനികാന്ത് പറഞ്ഞു.

മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രമാണ് അണ്ണാത്തെ.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയായിരുന്നു രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുക.